പാലക്കാട്: കായികകേരളത്തിന്‍റെ ചരിത്രത്തില്‍ തങ്ക ലിപികളിലെഴുതപ്പെട്ട പേരാണ് പറളി. പരിമിതികളില്‍ നിന്നും ചിട്ടയായ പരിശീലനവും കഠിന പ്രയത്നവും കൊണ്ട് കായിക കേരളത്തിന്‍റെ തന്നെ പ്രതീക്ഷയായി മാറിയ പ്രതിഭാസം. അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന നിരവധി അത്‌ലറ്റുകൾ, ആറ് തവണ ദേശീയ അത്‌ലറ്റിക് ചാമ്പ്യൻമാര്‍, ഏഷ്യൻ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡൽ നേടുന്ന സ്കൂള്‍. അങ്ങനെ അഭിമാന നേട്ടങ്ങള്‍ ഒരുപാടുണ്ട് പറളി സ്കൂളിന്.
പാലക്കാടിന് അഭിമാനമായി പറളിയുടെ കുതിപ്പ് - sports school
ആറ് തവണ ദേശീയ അത്‌ലറ്റിക് ചാമ്പ്യൻമാര്‍. ഏഷ്യൻ സ്കൂൾ അത്‌ലറ്റിക്സില്‍ രാജ്യത്തിനായി ഏറ്റവും കൂടുതൽ മെഡൽ നേടുന്ന സ്കൂള്‍ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കായി മുന്നൊരുക്കങ്ങള്‍ സജീവം
കായികരംഗത്ത് പറളിയുടെ ഉദയത്തിന് മുമ്പ് സ്കൂൾ കായിക മേളകളിൽ പലപ്പോഴും ഏറ്റവും പിന്നിൽ പതിനാലാം സ്ഥാനമായിരുന്നു പാലക്കാട് ജില്ലക്കുണ്ടായിരുന്നത്. 1995ൽ മനോജ് മാഷെന്ന കുട്ടികളുടെ പ്രിയപ്പെട്ട പരിശീലകൻ കായികാധ്യാപകനായി എത്തിയതോടെ പറളിയുടെയും പാലക്കാടിന്‍റെയും കായിക കുതിപ്പിന് തുടക്കമായി. ചിട്ടയായതും കഠിനവുമായ പരിശീലനത്തിലൂടെ പറളിയിലെ കുരുന്നുകളെ കായിക ലോകത്തേക്ക് മനോജ് മാഷ് കൈപിടിച്ചുയർത്തി. എറണാകുളം മാർ ബേസിലിന്‍റെയും സെന്‍റ് ജോർജിന്‍റെയും കുത്തകയായിരുന്ന സ്കൂൾ ഗെയിംസിൽ തങ്ങളുടേതായ ഇടം കണ്ടെത്താനും സ്കൂളിന് കഴിഞ്ഞു. മറ്റ് സ്പോർട്സ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി പരിസരപ്രദേശങ്ങളിൽ തന്നെയുള്ള വിദ്യാർഥികളാണ് പറളി സ്കൂളിലെ കായികതാരങ്ങളും. കഠിനാധ്വാനം കൊണ്ട് ആരുടെയും മുന്നിലെത്താനാവുമെന്ന ആത്മവിശ്വാസമാണ് ഈ നേട്ടങ്ങൾക്കെല്ലാം പിന്നിലെന്ന് മനോജ് മാഷ് പറയുന്നു.
സ്വന്തമായി സിന്തറ്റിക്ക് ട്രാക്കെന്ന സ്വപ്നത്തിലേക്കും പറളി നടന്നടുക്കുകയാണ്. സ്കൂളിലെ സിന്തറ്റിക് ട്രാക്ക് നിർമാണത്തിനായി 2017 ലെ ബജറ്റിൽ സംസ്ഥാന സർക്കാർ 7 കോടി രൂപ വകയിരുത്തി. ട്രാക്കിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നാണ് സ്കൂളിലെ കായിക താരങ്ങളുടെയും കായിക പരിശീലകന്‍റെയും ഭാഷ്യം. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം ചൂടുകയാണ് മുന്നിലുള്ള ലക്ഷ്യം. അതിനായുള്ള തയ്യാറെടുപ്പുകൾ കാലേക്കൂട്ടിത്തന്നെ മനോജ് മാഷും സംഘവും തുടങ്ങിക്കഴിഞ്ഞു.