പാലക്കാട്: ജനുവരി 20 മുതല്‍ പാലക്കാട് സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ പി ആരംഭിക്കും. ആറ് നില വീതമുള്ള മൂന്ന് കെട്ടിടങ്ങൾ അടങ്ങുന്നതാണ് ആശുപത്രിയിലെ ഒ പി ബ്ലോക്ക്. ഇതിലെ ടവർ രണ്ട് കെട്ടിടമാണ് ജനുവരി 20 ന് തുറക്കുക. പീഡിയാട്രിക്, ഗൈനക്കോളജി, സർജറി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഒ പി ആദ്യഘട്ടത്തില്‍ ആരംഭിക്കും. ശേഷിക്കുന്നവ മാർച്ച് 30 നകം പൂർത്തിയാക്കാനാകും.
പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ജനുവരി 20 മുതൽ ഒ പി ആരംഭിക്കും - പാലക്കാട്
പീഡിയാട്രിക്, ഗൈനക്കോളജി, സർജറി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഒ പി ആദ്യഘട്ടത്തില്‍ ആരംഭിക്കും
കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതിനനുസരിച്ച് ഒ പിയുടെ എണ്ണം വർധിപ്പിക്കും. അത്യാധുനിക മൾട്ടി സ്‌പെഷ്യലിറ്റി സൗകര്യമുള്ള ഒ.പിയാണ് മെഡിക്കൽ കോളജിൽ ഒരുങ്ങുന്നത്. രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് ഒ പി കെട്ടിടം. ഇതിന് പുറമെ ഓപ്പറേഷൻ തിയേറ്ററിനും വാർഡുകൾക്കുമായി പ്രത്യേക കെട്ടിടവും ഒരുക്കും.
രാജ്യത്തെ ഒന്നാം നിര ആശുപത്രികളിൽ മാത്രമുള്ള മികച്ച ട്രോമാ കെയറിന്‍റെ നിർമ്മാണവും പുരോഗമിക്കുന്നു. പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിൽ 559 കോടി ചെലവിലാണ് മെഡിക്കൽ കോളജ് നിര്‍മിക്കുന്നത്. ആശുപത്രി ബ്ലോക്ക് നിർമ്മിക്കാൻ മാത്രം 330 കോടി രൂപയാണ് ചെലവ്. അക്കാദമിക് ബ്ലോക്ക്, പ്രധാന ബ്ലോക്ക്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ, ചുറ്റുമതിൽ, ഭൂഗർഭ ജലസംഭരണി എന്നിവയുടെ നിർമ്മാണം പൂർത്തിയായി. കെട്ടിടത്തിന്‍റെ സിവിൽ ജോലികൾ അവസാനഘട്ടത്തിലാണ്.