പാലക്കാട്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിൽ ജില്ലയില്‍ പ്രതിദിന പാല്‍ ഉൽപാദനത്തില്‍ 33 ശതമാനം വർധനവ്. പാൽ ഉൽപാദനത്തില്‍ സംസ്ഥാന തലത്തില്‍ പാലക്കാട് ഒന്നാം സ്ഥാനത്താണ്. ഒപ്പം സ്വയംപര്യാപ്‌തതയും കൈവരിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ 328 ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 3.33 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ജില്ലയിലെ 263 ക്ഷീരസഹകരണ സംഘങ്ങളില്‍ ഓട്ടോമാറ്റിക് പാല്‍ സംഭരണം നടപ്പാക്കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ 275 ക്ഷീരസംഘങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ച് നല്‍കി.
പ്രളയത്തില്‍ നാശനഷ്‌ടമുണ്ടായ ക്ഷീര കര്‍ഷകര്‍ക്ക് 42 ടണ്‍ കാലിത്തീറ്റയും, 47 ടണ്‍ തീറ്റപ്പുല്ലും സൗജന്യമായി നല്‍കി. 15 ഹെക്‌ടർ തരിശ് നിലത്തില്‍ തീറ്റപ്പുല്‍കൃഷി ഒരുക്കി. പാലിന് സബ്‌സിഡി, കറവപ്പശു വിതരണം, കാലിത്തീറ്റ വിതരണം എന്നിവയും നടപ്പാക്കിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 42.84 കോടി രൂപയാണ് ചെലവഴിച്ചത്. പ്ലാന്‍ പദ്ധതി പ്രകാരം അഞ്ച് വര്‍ഷങ്ങളിലായി 36.53 കോടി രൂപയുടെ ധനസഹായം ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി. മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍റ് പദ്ധതി, 3,641 കറവപ്പശുക്കള്‍, തീറ്റപ്പുല്‍കൃഷി എന്നിവയ്ക്കും ധനസഹായം നല്‍കിയിട്ടുണ്ട്.
സ്വയംപര്യാപ്‌ത പാല്‍ ഉൽപാദനം ലക്ഷ്യമിട്ടാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പാല്‍ ഉൽപാദനത്തില്‍ മുന്‍പന്തിയിലുളള ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്ത് മാതൃക ക്ഷീരഗ്രാമമാക്കി, പാൽ ഉൽപാദനത്തില്‍ സ്വയം പര്യാപ്‌തമാക്കുന്ന പദ്ധതിയാണ് 'ക്ഷീരഗ്രാമം'. ഇങ്ങനെ തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകളില്‍ തീറ്റപ്പുല്‍കൃഷി വ്യാപിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നു.