പാലക്കാട്:കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഷൈജുവിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പാലക്കാട് മാത്തൂർ കൂമൻകാട്ടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയ്‌ക്കു ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.
തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. 2019 ഫെബ്രുവരിയിൽ മാത്തൂരിലെ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈജു. 2019 ജൂണിൽ ജാമ്യത്തിൽ ഇറങ്ങി.
തുടർന്ന് ഇയാളെ ആരും കണ്ടിരുന്നില്ല. ഷൈജു കേസിൽ പ്രതിയായതോടെ അമ്മ ചെന്നൈയിൽ ജോലിയുള്ള മൂത്ത മകനോടൊപ്പം താമസം മാറി. വ്യാഴാഴ്ച ചെന്നൈയിൽ നിന്ന് അമ്മയും സഹോദരനും തിരികെയെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.