കേരളം

kerala

ETV Bharat / state

അട്ടപ്പാടിയുടെ തീരാത്ത ദുരിതം; പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലില്‍ ചുമന്ന് - ശ്രീകണ്ഠന്‍

അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ ചുമന്ന് മൂന്നര കിലോമീറ്റളോളം നടന്ന്, നിലവിലുള്ള സൗകര്യങ്ങള്‍ പലരും വാര്‍ത്തയാക്കുന്നില്ലെന്നറിയിച്ച് വികെ ശ്രീകണ്ഠന്‍ എംപി

pregnant  hospital  cloth chariot  Palakkad  Attapadi  അട്ടപ്പാടി  ദുരിതം  ഗര്‍ഭിണി  ആശുപത്രി  തുണി  ചുമന്ന്  പാലക്കാട്  ശ്രീകണ്ഠന്‍  എംപി
അട്ടപ്പാടിയുടെ തീരാത്ത ദുരിതം; പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലില്‍ ചുമന്ന്

By

Published : Dec 11, 2022, 8:01 PM IST

പാലക്കാട്: അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിക്ക് ദുരിതയാത്ര. ഇരുട്ടില്‍ ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ ചുമന്ന് മൂന്നര കിലോമീറ്റളോളം നടന്നാണ് ആശുപത്രിയിലെത്തിച്ചത്. കടുകുമണ്ണ ഊരിലെ സുമതി മുരുകനാണ് ഈ ദുരിതം അനുഭവിക്കേണ്ടിവന്നത്. ഒടുവില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി.

കഴിഞ്ഞ തിങ്കളാഴ്‌ച യുവതി ആശുപത്രിയില്‍ എത്തിയിരുന്നു. അന്ന് ഡോക്‌ടര്‍മാര്‍ പ്രസവ തീയതി കുറിച്ചുനല്‍കുകയും ചെയ്‌തു. ഇതിനിടെയാണ് ഇന്നലെ രാത്രി യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. പ്രദേശത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറായ പ്രിയയുടെ ഇടപെടലാണ് യുവതിയെ രക്ഷിച്ചത്.

ഗര്‍ഭിണിയുടെ വിവരമറിഞ്ഞ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ പുലര്‍ച്ചെ രണ്ടുമണിയോടെ 108 ആംബുലന്‍സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ തന്നെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ ആംബുലന്‍സിനെയും ബന്ധപ്പെട്ടു. മൂന്നര കിലോമീറ്ററോളം ദൂരം തുണി മഞ്ചലില്‍ ചുമന്നാണ് യാത്രാദുരിതമുള്ള സ്ഥലത്തിലൂടെ ആംബുലന്‍സിന്‍റെ അടുത്തെത്തിയത്. അതേസമയം അട്ടപ്പാടിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ പലരും വാര്‍ത്തയാക്കുന്നില്ലെന്ന് വികെ ശ്രീകണ്‌ഠന്‍ എംപി കുറ്റപ്പെടുത്തി.

കടുകുമണ്ണ അടക്കം മൂന്ന് ഊരുകള്‍ നാളുകള്‍ക്ക് മുന്‍പ് സന്ദര്‍ശിച്ചിരുന്നു. അവിടെ വാഹന സൗകര്യവും വൈദ്യുതിയും റോഡുകളുമില്ല. നടന്ന് തന്നെയാണ് പോയതെന്നും ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുകയും ചെയ്‌തിരുന്നുവെന്നും എംപി അറിയിച്ചു. ഇരുനൂറോളം ഊരുകള്‍ അട്ടപ്പാടി മേഖലയിലുണ്ട്. റിസര്‍വ് ഫോറസ്‌റ്റിന്‍റെയും അകത്താണ് പല ഊരുകളും. അവിടെ റോഡുകളും പാലങ്ങളും കൊണ്ടുവരുന്നതിലും നിയമപരമായി ബുദ്ധിമുട്ടുണ്ടെന്നും ആദ്യമായി അട്ടപ്പാടിയില്‍ ഐസിയു ആംബുലന്‍സ് കൊണ്ടുവന്നത് താനാണെന്നും വി.കെ ശ്രീകണ്‌ഠന്‍ എംപി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details