കേരളം

kerala

ETV Bharat / state

പാലക്കാടൻ കരിമ്പനക്കാറ്റില്‍ ത്രികോണപ്പോരും തെരഞ്ഞെടുപ്പ് ചൂടും

മൂന്ന് മുന്നണികളും മണ്ഡലത്തില്‍ ഒരുപോലെ കണ്ണ് വയ്ക്കുമ്പോള്‍ പാലക്കാടൻ കരിമ്പനക്കാറ്റിൽ ഇക്കുറി ആര് വീഴും ആര് വാഴും എന്നത് ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ കേരളം. മുൻകാല ചരിത്രം നോക്കിയാൽ മണ്ഡലത്തിൽ യുഡിഎഫിനാണ് മേൽക്കൈ. തദേശ പോരിൽ ജില്ലയിൽ ഉണ്ടാക്കിയ ആധിപത്യം ഇടതിന്‍റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നുണ്ട്. 2016ൽ രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎ, നഗരസഭയില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ചതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

palakkad assembly constituency  alakkad assembly constituency history  പാലക്കാട് നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ് 2021  തെരഞ്ഞെടുപ്പ് വാർത്തകള്‍  പാലക്കാട് ആർക്കൊപ്പം  തദേശ തെരഞ്ഞെടുപ്പ് ഫലം
പാലക്കാട്

By

Published : Mar 18, 2021, 3:35 PM IST

പിറവികൊണ്ട കാലം മുതൽ വലതിനോട് ഏറെയും കൂറ് പുലർത്തുന്ന മണ്ഡലം... എന്നും അഭിമാന പോരിനിറങ്ങുന്ന ഇടത് മുന്നണി..സംസ്ഥാനത്ത് ബിജെപി ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്ന്... മൂന്ന് മുന്നണികളും മണ്ഡലത്തില്‍ ഒരുപോലെ കണ്ണ് വയ്ക്കുമ്പോള്‍ പാലക്കാടൻ കരിമ്പനക്കാറ്റിൽ ഇക്കുറി ആര് വീഴും ആര് വാഴും എന്നത് ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ കേരളം. മുൻകാല ചരിത്രം നോക്കിയാൽ മണ്ഡലത്തിൽ യുഡിഎഫിനാണ് മേൽക്കൈ. തദേശ പോരിൽ ജില്ലയിൽ ഉണ്ടാക്കിയ ആധിപത്യം ഇടതിന്‍റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നുണ്ട്. 2016ൽ രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎ, നഗരസഭയില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ചതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

മണ്ഡലം ചരിത്രം

പാലക്കാട് താലൂക്കിലെ പാലക്കാട് മുൻസിപ്പാലിറ്റി, കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭാമണ്ഡലം.

1957 ൽ തുടങ്ങിയ പാലക്കാടിന്‍റെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ആദ്യ പേര് കോണ്‍ഗ്രസ് സ്ഥാനാർഥി ആർ രാഘവന്‍റെതാണ്. 57 ൽ മണ്ഡലം വലതിനൊപ്പം ചേർത്ത രാഘവൻ 60 ലും മണ്ഡലം ഒപ്പം നിർത്തി. എന്നാൽ 67 ൽ പാലക്കാടിന്‍റെ മനസ് ഇടത്തേക്ക് ചാഞ്ഞു. ആർ കൃഷ്‌ണനിലൂടെ മണ്ഡലത്തിൽ ഇടത് തരംഗം. 70 ൽ ഒരിക്കൽ കൂടി ആർ കൃഷ്‌ണൻ മണ്ഡലത്തെ ഒപ്പം നിർത്തി. എന്നാൽ 77 ൽ കാര്യങ്ങള്‍ മാറി മറിഞ്ഞു. കോണ്‍ഗ്രസ് സ്വതന്ത്രൻ സി.എം സുന്ദരനിലൂടെ മണ്ഡലം തിരിച്ചുപിടിച്ച യുഡിഎഫ് 1991 വരെ മണ്ഡലം വലതിനൊപ്പം നിർത്തി. 1996 ൽ ടികെ നൗഷാദ് മണ്ഡലം എല്‍ഡിഎഫിന് വേണ്ടി തിരിച്ചു പിടിച്ചു. എന്നാൽ 2001 ൽ കെ ശങ്കരനാരായണനിലൂടെ വീണ്ടും വലത്തേക്ക് ചേക്കേറി. 2006 ൽ കെകെ ദിവാകരനിലൂടെ മണ്ഡലത്തിൽ വീണ്ടും ഇടത് തരംഗം. 2011 ൽ പാലക്കാടിന്‍റെ മനസിനെ വലത് പാളയത്തിൽ എത്തിച്ച ഷാഫി പറമ്പിൽ 2016 ലും മണ്ഡലത്തെ ഒപ്പം നിർത്തി.

മണ്ഡലത്തിലെ രാഷ്‌ട്രീയം

മുൻകാല ചരിത്രങ്ങളും ഷാഫി പറമ്പിലിന്‍റെ ശക്തമായ സ്ഥാനാർഥിത്വവുമാണ് മണ്ഡലത്തിൽ യുഡിഎഫിന്‍റെ കരുത്ത്. 2011 ൽ 7403 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാഫി, 2016 ൽ ഭൂരിപക്ഷം 17483 ആയി ഉയർത്തിയാണ് മണ്ഡലം വലതിനൊപ്പം നിർത്തിയത്. തദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതും വതലത് ക്യാമ്പിൽ പ്രതീക്ഷ ഉയർത്തുന്നുണ്ട്. ശക്തമായ മത്സരവുമായി ഇടത്, എൻഡിഎ മുന്നണികൾ കൂടി കളം നിറഞ്ഞതോടെ കാര്യങ്ങൾ എളുപ്പമാകില്ല ഇക്കുറി യുഡിഎഫിന്. എങ്കിലും മണ്ഡലത്തിന് സ്വീകാര്യനായ ഷാഫി പറമ്പിലിലൂടെ പാലക്കാടൻ അങ്കത്തട്ട് ഇത്തവണയും കീഴടക്കാം എന്ന പ്രതീക്ഷയിയിൽ തന്നെയാണ് യുഡിഎഫ്.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എൽഡിഫിന് കാര്യങ്ങൾ അത്ര എളുപ്പമല്ല ഇക്കുറി. യുഡിഎഫിനൊപ്പം, എൻഡിഎ ഉയർത്തുന്ന കടുത്ത വെല്ലുവിളിയും മറികടക്കണം. അഡ്വ. സിപി പ്രമോദിനെയാണ് ഇക്കുറി മണ്ഡലം പിടിക്കാനുള്ള ദൗത്യം മുന്നണി ഏൽപ്പിച്ചിരിക്കുന്നത്. മുൻകാല ചരിത്രങ്ങളിൽ മണ്ഡലം കൂറ് പുലർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മണ്ഡലം വലതിനൊപ്പമാണ്. എൻഎൻ കൃഷ്ണദാസിന്‍റെ ശക്തമായ സ്ഥാനർഥിത്വം ഉണ്ടായിട്ടും 2016 ൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും മുന്നണിക്ക് കയ്‌പ്പേറിയ അനുഭവമായി. കഴിഞ്ഞ രണ്ടു തവണയും മണ്ഡലം ഒപ്പം നിർത്തിയ ഷാഫി പറമ്പിലും, എൻഡിഎയുടെ സർപ്രൈസ് സ്ഥാനാർഥി ഇ ശ്രീധരനും കടുത്ത മത്സരം കാഴ്‌ച വെയ്ക്കുമെന്ന ഉറപ്പായതിനാൽ, മൂന്നിൽ നിന്ന് ഒന്നിലെത്താൻ ഇടതിന് ഇക്കുറി നന്നേ പാട് പെടേണ്ടി വരും. എങ്കിലും തദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേടിയ ആധിപത്യം അനുകൂല ഘടകമായി മുന്നണി വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് സിപിഎമ്മിന് ഏറ്റവും അധികം പ്രവർത്തകർ ഉള്ള ജില്ലയിൽ ഇക്കുറി അഭിമാന പോരാട്ടം കൂടിയാണ് എല്‍ഡിഎഫിന്.

തദേശ തെരഞ്ഞെടുപ്പ് 2021 നഗരസഭ ഫലം

സംസ്ഥാനത്ത് ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. 2016 ൽ ഇടതിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം. ഇ ശ്രീധരന്‍റെ ശക്തമായ സ്ഥാനാർഥിത്വം കൂടി ആയതോടെ ഇക്കുറി പാലക്കാടൻ മണ്ണിൽ താമര വിരിയിക്കാമെന്ന് മുന്നണി കണക്കുകൂട്ടുന്നു. മണ്ഡലത്തിൽ ഉള്‍പ്പെടുന്ന പാലക്കാട് നഗരസഭ ഒരിക്കൽ കൂടി പിടിച്ചെടുക്കാൻ സാധിച്ചതും മണ്ഡലത്തിലെ കരുത്തായി മുന്നണി വിലയിരുത്തുന്നുണ്ട്. 2011 ൽ നേടിയ 22317 വോട്ടുകളുടെ പിൻബലം 2016 ൽ 40076 ആയി ഉയർത്താൻ സാധിച്ചതും വലിയ നേട്ടമായി എൻഡിഎ ക്യാമ്പ് വിലയിരുത്തുന്നു.

2020 തദേശ പോരിന്‍റെ കണക്കുകള്‍ പരിശോധിച്ചാൽ പാലക്കാട് നഗരസഭ എൻഡിഎയ്ക്ക് ഒപ്പമാണ്. പിരായിരി, മാത്തൂർ പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം നിൽക്കുമ്പോള്‍. കണ്ണാടി പഞ്ചായത്ത് മാത്രമാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ 2021 ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 184310 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 89851പുരുഷ വോട്ടർമാരും, 94457 സ്‌ത്രീ വോട്ടർമാരും ഉള്‍പ്പെടുന്നു.

ABOUT THE AUTHOR

...view details