പാലക്കാട്:കൊവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ സജീവം. കൊവിഡിനെത്തുടർന്ന് ജോലി നഷ്‌ടപ്പെട്ടതോടെ യുവാക്കളടക്കം തൊഴിലുറപ്പിന്‍റെ ഭാഗമാകുകയാണ്.കൊവിഡിനുമുമ്പ് 30,000 പേരാണ് പ്രതിദിനം തൊഴിലുറപ്പിന്‍റെ ഭാഗമായിരുന്നത്. നിലവിൽ ജില്ലയിൽ 88 പഞ്ചായങ്ങളിലായി 150 തരം നിർമാണ ജോലികൾ പുരോഗമിക്കുന്നു. കുളം, കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കലുങ്ക്, കമ്പോസ്റ്റ് കുഴി, ജൈവ വേലി എന്നിവയുടെ നിർമാണങ്ങളാണ് പ്രധാനമായും നടക്കുന്നത്.
കൊവിഡിനിടയിലും പാലക്കാട് തൊഴിലുറപ്പ് സജീവം - palakkadu NREG act
പാലക്കാട് ജില്ലയിൽ 88 പഞ്ചായങ്ങളിലായി 150 തരം നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. കുളം, കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കലുങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവേലി എന്നിവയുടെ നിർമാണങ്ങളാണ് പ്രധാനമായും നടക്കുന്നത്
2020-21 സാമ്പത്തിക വർഷത്തിൽ ശരാശരി 48,000 പേർ പ്രതിദിനം ജില്ലയിൽ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. 276 കോടി രൂപ കൂലി ഇനത്തിൽ വിതരണം ചെയ്‌തു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ജോലികൾ നടക്കുന്നത്. ഒരു ജോലിക്ക് പരമാവധി 20 പേരെയാണ് നിയോഗിക്കുക. ഇവരെ നാലായി തിരിച്ച് അഞ്ചുപേർ വീതം അടങ്ങുന്ന ഗ്രൂപ്പായാണ് പ്രവർത്തനം. നടപ്പ് സാമ്പത്തിക വർഷം 114.96 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇതുവഴി 1.60 ലക്ഷം കുടുംബങ്ങൾക്ക് തൊഴിൽ ലഭിക്കും. മാർച്ച് 31നുമുമ്പ് ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 10,519 പേർ നൂറുദിനം പൂർത്തിയാക്കി. 291 രൂപയാണ് കൂലി. ജോലിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് ആറ് രൂപവരെ വാടകയും കൂലിയിനത്തിൽ തൊഴിലാളിക്ക് ലഭിക്കുന്നു.
സെപ്‌റ്റംബറിലാണ് ജോലികൾ പുനരാരംഭിച്ചത്. കൂടുതൽ പേർക്ക് ജോലി നൽകാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതായി എൻആർഇജിഎസ് ജില്ലാ ജോയിന്‍റ് പ്രോഗ്രാം കോ–ഓർഡിനേറ്റർ സി.എസ് ലതിക പറഞ്ഞു. പ്രതിദിനം 50,000 പേർക്ക് തൊഴിൽ നൽകാൻ ജില്ല സജ്ജമാണെന്നും അവർ പറഞ്ഞു. ജില്ലയിൽ ഇതുവരെ 3,71,969 പേരാണ് തൊഴിലുറപ്പ് ജോലിക്കായി തൊഴിൽ കാർഡ് എടുത്തത്. എസ്‌സി വിഭാഗത്തിൽ 79,029 പേരും, എസ്‌ടി വിഭാഗത്തിൽ 16,839 പേരും, മറ്റ് വിഭാഗങ്ങളിലെ 2,76,101 പേരും തൊഴിൽ കാർഡ് എടുത്തിട്ടുണ്ട്. 1,60,977 പേർ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നു.