പാലക്കാട്:അട്ടപ്പാടി മഞ്ചിക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകൾ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ആക്രമണത്തിൽ മൈൻ പാകുന്നത് എങ്ങിനെയെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ മഞ്ചിക്കണ്ടിയിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപിൽ നിന്ന് കണ്ടെത്തിയതായി പൊലിസ് പറയുന്നു. ഛത്തീഡ്ഗഡിൽ സൈനികർ സഞ്ചരിക്കുന്ന വഴിയിൽ മാവോയിസ്റ്റുകൾ മൈൻ പാകുന്നതിന്‍റെ ദൃശ്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ അയച്ചുകൊടുത്തവയാണെന്നാണ് പൊലീസ് നിഗമനം.
മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റ് പരിശീലനത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് - latest malayalam varthakal
മൈൻ ആക്രമണം എങ്ങിനെയെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുതുതായി പൊലിസ് പുറത്ത് വിട്ടിരിക്കുന്നത്.
എങ്ങനെ വിജയകരമായി മൈനുകൾ പാകി സ്ഫോടനം നടത്താമെന്നതിന്‍റെ വിശദമായ വിവരണങ്ങളും ദൃശ്യങ്ങളിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങൾക്ക് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അയച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് സ്ഥിരീകരണം. സായുധ പരീശലനത്തിനൊപ്പം സ്ഫോടനങ്ങൾക്കും അട്ടപ്പാടിയിലെത്തിയ 'ഭവാനിദളം' പ്രവർത്തകർ ശ്രമിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ദൃശ്യങ്ങളിലെ മാവോയിസ്റ്റ് നേതാക്കൾ ആരൊക്കെയെന്ന് കണ്ടെത്താൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് കേരള പൊലീസ് കണ്ടെത്തിയ ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്.
അട്ടപ്പാടിയിൽ നിന്ന് കണ്ടെത്തിയ ഡയറിക്കുറിപ്പുകളിൽ വിവിധ ഭൂപ്രകൃതിയിൽ ഏങ്ങിനെ ആക്രമണം നടത്തണമെന്നതിന്‍റെ രേഖാചിത്രം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഒപ്പം മാവോയിസ്റ്റ് നേതാവ് ദീപക് പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.