പാലക്കാട്:വാളയാറിൽ രണ്ടിടത്തായി 25 ലക്ഷം രൂപ വിലമതിക്കുന്ന 84 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു (mdma seized). രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്‌തു. സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള എക്‌സൈസ്–പൊലീസ് പരിശോധനയിലാണ് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉൾപ്പെടെ അറസ്റ്റിലായത്.
വെള്ളിയാഴ്‌ച പകൽ 11.30ന് വാളയാർ ടോൾപ്ലാസയ്ക്കു സമീപം പൊലീസിന്‍റെ വാഹന പരിശോധനയിലാണ് ആദ്യം 44 ഗ്രാം ലഹരി മരുന്ന് പിടിച്ചത്. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് പോയ കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി തൃശൂർ അന്തിക്കാട് കിഴക്കുമുറി പെരിങ്ങോട്ടുകരയിൽ ആർ വിഷ്ണുചന്ദ്രനാണ് (26) അറസ്റ്റിലായത്. പൊലീസിനെ വെട്ടിച്ചുപാഞ്ഞ കാറിനെ പിന്തുടർന്നാണ് പിടികൂടിയത്.