പാലക്കാട് :മലയാളി വനിതയ്ക്ക് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ കത്ത്. സ്ത്രീശാക്തീകരണ വിഷയത്തിൽ ആയിഷയുടെ അഭിപ്രായങ്ങൾ ശരിവച്ചുകൊണ്ട് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർദേന്‍ സ്വന്തം കയ്യൊപ്പോടെ അയച്ച കത്താണ് വൈറലാവുന്നത്.
ആരാധന കത്തായി മാറിയപ്പോൾ
ആയിഷ ന്യൂസിലൻഡ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പട്ടാമ്പി കൊടലൂർ സ്വദേശിയായ ആയിഷ ഷമീർ എന്ന വീട്ടമ്മ അയച്ച കത്തിന് മറുപടിയായാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി മറുപടി അയച്ചത്. രാജ്യത്ത് പടർന്നു പിടിച്ച കൊവിഡ് മഹാമാരിയെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ വേഗതയിൽ എടുക്കുകയും ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്ത് രണ്ടു തവണ തുടർച്ചയായി അധികാരത്തിൽ എത്തിയ ജസീന്ദ ആർദേനിനോടുള്ള ആരാധനയാണ് ആയിഷയെ കത്തെഴുതാൻ പ്രേരിപ്പിച്ചത്.
മെയ് 20നാണ് ആയിഷ ഷമീർ ജസീന്ദക്ക് ഇമെയിൽ സന്ദേശം അയച്ചത്. തുടർന്ന് ജൂണ് 8ന് ജസീന്ദ ആർദേനിന്‍റെ മറുപടി ലഭിച്ചു.
മറുപടി സ്നേഹപൂർവം
ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മറുപടി കത്ത് "നിങ്ങളുടെ ദയയുള്ള വാക്കുകൾ വായിക്കുമ്പോൾ എനിക്ക് വിനയം തോന്നുന്നു" എന്നു തുടങ്ങുന്ന കത്തിൽ ആയിഷയുടെ വാചകങ്ങൾ ശരിവെച്ചുകൊണ്ടും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുമുള്ള വാക്കുകളാണ് പ്രധാനമന്ത്രി കുറിച്ചത്. പട്ടാമ്പി കൊടലൂർ കൊട്ടാരത്തിൽ ഷെമീറിന്‍റെ ഭാര്യയായ ആയിഷ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനി കൂടിയാണ്.
വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർക്കും പ്രസിഡന്‍റുമാർക്കും ആയിഷ കത്തുകൾ എഴുതാറുണ്ട്. ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്‍റായിരുന്ന കാലത്ത് അയച്ച കത്തിനും ഇത്തരത്തിൽ മറുപടി ലഭിക്കുകയുണ്ടായി. ഇനിയും കത്തുകളിലൂടെ കാഴ്ചപ്പാടുകൾ പങ്കുവെക്കാനാണ് ആയിഷക്ക് താല്പര്യം.