പാലക്കാട്: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ച ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങൾ സന്ദർശകർക്കായി തുറന്നു. കനത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്യാനങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന ഉദ്യാനങ്ങൾ തുറന്ന ആദ്യ ദിവസം തന്നെ നിരവധി പേരാണ് എത്തിയത്. മലമ്പുഴ ഡാമിൽ ഉദ്യാനത്തിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനത്തിന് അനുമതി. കുട്ടികളുടെ പാർക്ക്, മാംഗോ ഗാർഡൻ, നീന്തൽ കുളം എന്നിവിടങ്ങളിൽ പ്രവേശനമില്ല. അണക്കെട്ടിനു മുകളിലൂടെയുള്ള സഞ്ചാരം നിർത്തി വെച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയായി സന്ദർശനം ചുരുക്കിയിട്ടുണ്ട്. ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറുന്ന ഒരാൾക്ക് ഒരു മണിക്കൂർ മാത്രമാണ് സമയം അനുവദിക്കുന്നത്. ഒരേസമയം 75 പേർക്കാണ് ഉദ്യാനത്തിനുള്ളിൽ പ്രവേശിക്കാം. വൈകീട്ട് ആറോടെ ടിക്കറ്റ് വിൽപ്പന അവസാനിപ്പിക്കും. ഏഴ് മണിയോടെ ഗാർഡൻ അടയ്ക്കും.
മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങൾ സഞ്ചാരികൾക്കായി തുറന്നു - മലമ്പുഴ
കനത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്യാനങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്
പത്തു വയസിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, അറുപത് വയസിനു മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് പ്രവേശനമില്ല. മാസ്ക് ധരിക്കാത്തവർക്ക് ടിക്കറ്റ് നൽകുന്നതല്ല. ശരീരതാപനില പരിശോധിച്ച് സാനിറ്റൈസർ നൽകിയ ശേഷമാണ് ഓരോരുത്തരേയും ഗാർഡനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് . വരും ദിവസങ്ങളിൽ ബോട്ടിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. ആദ്യ ദിനത്തിൽ 274 പേരാണ് മലമ്പുഴയിൽ എത്തിയത്. ടിക്കറ്റ് ഇനത്തിൽ 8,530 രൂപയും ലഭിച്ചു. പോത്തുണ്ടിയിൽ ആദ്യ ദിനം എത്തിയത് 137 സന്ദർശകരാണ്. ഇവിടെ മൊത്തം ലഭിച്ചത് 2,500 രൂപയാണ്. രാവിലെ 10 മുതൽ വൈകിട്ട് 5.40 വരെയാണ് ടിക്കറ്റ് നൽകുന്നത്.