ആള്‍ക്കൂട്ട മർദ്ദനത്തിനിരായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം. കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച കൊലപാതകം ഏറെ ചർച്ചയായെങ്കിലും മധുവിന് നീതി വൈകുകയാണ്. കേസിൽതുടക്കത്തിൽ കാണിച്ച ആവേശം പിന്നീട് സർക്കാരിനും ഉണ്ടായില്ല.
മധു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം - മധു
മധുവിന്‍റെ കൊലപാതകത്തിൽ നീതി നടപ്പാക്കാൻ തുടക്കത്തിൽ കാണിച്ച ആവേശം പിന്നീട് കണ്ടില്ല. മധുവിന്‍റെ മരണം കേരള മനസാക്ഷിയുടെ മേല്‍ വീണ മുറിപ്പാടായി തുടരുകയാണ്.
മണ്ണാർക്കാടുളള എസ്സി, എസ്ടി സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുളള കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളും വൈകുകയാണ്. മണ്ണാർക്കാട് കോടതിയിലെ ജഡ്ജി സ്ഥലം മാറിപ്പോയതും കേസിനെ ബാധിക്കുന്നു. നിലവിൽ സ്ഥലം മാറിപ്പോയ ജഡ്ജി ഈ കോടതിയിലെ കേസുകള്‍ കേള്‍ക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം എത്തുകയാണ് ചെയ്യുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ആദ്യം പറഞ്ഞിരുന്നെങ്കിലും ഇതിലും നടപടിയുണ്ടായില്ല.കേസിൽ പൊലീസ് ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളും സിഡി ഉള്‍പ്പെടെയുളള തെളിവുകളുടെയും പകർപ്പ് ആവശ്യപ്പെട്ട് പ്രതികളിൽ ചിലർ ഹർജി നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ്കൽപ്പിച്ച ശേഷം മാത്രമേ വിചാരണ ആരംഭിക്കാനിടയുള്ളൂ. കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുളള അന്വേഷണം അട്ടിമറിക്കപ്പെടുന്നതായും ആരോപണമുണ്ട്. കൊലപാതകത്തിന് പിന്നാലെ വനംവകുപ്പ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് വിശ്വസനീയമല്ലെന്ന് മധുവിന്‍റെ കുടുംബം പറയുന്നു
മോഷണക്കുറ്റം ആരോപിച്ചാണ് 27കാരനായ മധുവിനെ കാട്ടിൽ നിന്ന് പിടിച്ച് കൊണ്ട് വന്ന് നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചത്. ഉടുത്തിരുന്ന മുണ്ട് കയ്യിൽ കെട്ടിയായിരുന്നു മർദ്ദനം. ഇത് സംഘാഗങ്ങളില്‍ ചിലർ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ശേഷം പൊലീസിന്കൈമാറിയ മധു പിന്നീട്മരിക്കുകയായിരുന്നു. നാട്ടുകാരുടെ ക്രൂര മർദ്ദനമാണ് മരണത്തിനിടയാക്കിയത് എന്നുംതെളിഞ്ഞു. ഏതാനും ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് മധുവിൽ നിന്ന് കണ്ടെത്തിയത്. വിശന്ന് വലഞ്ഞ ഒരു ആദിവാസി യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളമാകെ പ്രതിഷേധത്തിനിടയാക്കി. സാക്ഷര കേരളം ലോകത്തിന് മുന്നിൽ തലകുനിച്ചു. കൈകാലുകള്‍ കെട്ടി അവശതയോടെ നിൽക്കുന്ന മധുവിന്‍റെ ചിത്രം ഇന്നും കേരളത്തിന്‍റെ നോവാണ്