പാലക്കാട് : 'മഴക്കാലമായാൽ പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. പണിയെടുത്ത് കാശുകൊണ്ടുവന്നാലും ചോരുന്ന പുരയിലിരുന്ന് സമാധാനമായി വെച്ചുതിന്നാനാവാത്ത കാലം. രാത്രിയിൽ മഴ പെയ്‌താൽ ചോരാത്ത ഒരിടവുമുണ്ടായിരുന്നില്ല. 20 വർഷം രണ്ട് മക്കൾക്കൊപ്പം ഓലപ്പുരയിലാണ് കിടന്നുറങ്ങിയിരുന്നത്. സ്വന്തമായി നല്ലൊരു വീട് ഉണ്ടാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. പിണറായി സർക്കാരിന്‍റെ ലൈഫ് പദ്ധതി ഇല്ലായിരുന്നേൽ ഞങ്ങളിപ്പോഴും ഓലപ്പുരയിൽ കിടന്നേനെ'.
എലപ്പുള്ളി പാറ ആവിരംകാട് രാജന്‍റെയും പ്രേമയുടെയും വാക്കുകൾക്ക് ലൈഫിൽ കിട്ടിയ വീടിനേക്കാൾ ദൃഢത. ഇരുവരും കൂലിപ്പണിക്കാരാണ്. ലൈഫിൽ കിട്ടിയ രണ്ടുമുറിയും ഹാളും അടുക്കളയും ഉള്ള വീട്ടിൽ മക്കൾക്കൊപ്പം സന്തോഷത്തോടെ കഴിയാൻ ഇടമുണ്ട്.
മഴയെ പേടിക്കേണ്ട. വർഷാവർഷം ഓലപ്പുര നന്നാക്കാനുള്ള പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം.രാജനും പ്രേമയും കൂടുതൽ സ്വപ്‌നങ്ങൾ കാണുകയാണ്. ഒന്നുമില്ലായ്‌മയിൽ നിന്ന് സ്വന്തം സ്ഥലത്ത് സൗകര്യങ്ങളോടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നത്തിലേക്ക് സർക്കാർ കൈപിടിച്ചുയർത്തിയ കുടുംബങ്ങളിൽ ഒന്നുമാത്രമാണ് രാജനും പ്രേമയും. വാസയോഗ്യമല്ലാതിരുന്ന ഓലപ്പുരകളും ഓട് വീടുകളും ഇന്ന് കോൺക്രീറ്റ് വീടുകളായി.
ലൈഫിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ നൽകിയത് പാലക്കാട് ജില്ലയിലാണ്. 21,000ൽ അധികം കുടുംബങ്ങൾക്ക് പദ്ധതി വഴി സുരക്ഷിതമായി താമസിക്കാൻ വീടൊരുങ്ങി. ആദ്യഘട്ടത്തിൽ 7,611 പേർക്ക് വീട് ലഭിച്ചു. രണ്ടാംഘട്ടത്തിൽ ഇത് 11,936 ആയി ഉയർന്നു. ഭവനസമുച്ചയങ്ങൾ ഉൾപ്പടെ നിർമിക്കുന്ന മൂന്നാംഘട്ടം പുരോഗമിക്കുകയാണ്. എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ് പാലക്കാടും.
1,788 വീടുകൾക്ക് കൂടി താക്കോൽ കൈമാറി : ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച 1,788 വീടുകളുടെ കൂടി താക്കോൽദാനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിൽ ഇതുവരെ ലൈഫ് പദ്ധതിയിൽ 21,488 വീടുകളാണ് നിർമിച്ചത്. 3,542 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതുകൂടാതെ കൊടുമ്പ് പഞ്ചായത്തിലും ചിറ്റൂർ-തത്തമംഗലം നഗരസഭയിലുമായി രണ്ട് ലൈഫ് ഭവന കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ചിറ്റൂർ-തത്തമംഗലത്ത് 42 കുടുംബങ്ങൾക്കും കണ്ണാടിയിൽ 36 കുടുംബങ്ങൾക്കും വീട് ലഭിക്കും.