പാലക്കാട്: കൊങ്ങുരാജാവിൽനിന്ന് ചിറ്റൂര്‍ ദേശത്തെ രക്ഷിച്ച കാവിലമ്മയുടെ ഉത്സവമമായ കൊങ്ങൻപട രണോത്സവം ഇന്ന് ചിറ്റൂരില്‍ നടക്കും. ചരിത്രവും ഐതീഹ്യവും ഇഴചേർന്നു കിടക്കുന്ന ഉത്സവമാണിത്. ചിറ്റൂരിന്‍റെ പരമ്പരാഗത സംസ്കൃതിയിലും നാടുവാഴിത്ത പെരുമയിലും വേരോട്ടമുണ്ട് ഉത്സവത്തിന്.
കേരളത്തിലെ നാട്ടുരാജാക്കൻമാരുടെ ചരിത്രത്തിൽ എണ്ണമറ്റ യുദ്ധങ്ങൾ നടന്നിട്ടുണ്ടെങ്കിലും യുദ്ധഗാഥാസംസ്‌കാരത്തിലേക്ക് സ്വാംശീകരിച്ചിട്ടുള്ളത് ചിറ്റൂർദേശ-കൊങ്ങൻപട മാത്രമായിരിക്കും. അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ജനഹൃദയങ്ങളിൽ ഈ ആഘോഷം നിലനിൽക്കുന്നത്. മറ്റ് ക്ഷേത്രാത്സവങ്ങളിൽനിന്ന് കൊങ്ങൻപടയെ വ്യത്യസ്‌തമാക്കുന്നതും ഇതുതന്നെയാണ്.
കൊങ്ങുരാജാവായ ശിങ്കമാനനൻ ഹരിതാഭമായ ചിറ്റൂരിനെ ആക്രമിക്കാൻ എത്തിയപ്പോൾ ആയുധമോ ആയോധനപാടവമോ ഇല്ലാത്ത ദേശക്കാർ ആൺ–പെൺ ഭേദമില്ലാതെ കൈയിൽ കിട്ടിയ വസ്തുക്കളുമായി കൊങ്ങനെ എതിരിട്ടു. രണ്ട് രാവും പകലും ഏറ്റുമുട്ടി പരാജയപ്പെട്ട ദേശക്കാർ ചിറ്റൂരമ്മയെ അഭയം പ്രാപിച്ച് സങ്കടം ഉണർത്തിച്ചു. ചിറ്റൂര്‍ക്കാരുടെ സങ്കടം അറിഞ്ഞ കാവിലമ്മ ശ്രീലകംവിട്ട് പടച്ചട്ടയണിഞ്ഞ് നാന്ദുകവുമായി പടക്കളത്തിലെത്തി കൊങ്ങുരാജാവിനെ നിഗ്രഹിച്ചതായാണ് ഐതീഹ്യം. ഇതിന്‍റെ ഓർമ പുതുക്കലാണ് ഈ ഉത്സവം.