പാലക്കാട്: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടാകണം എന്ന ചിന്തയിലാണ് താനും തന്‍റെ സഹപ്രവർത്തകരുമെന്ന് എ വി ഗോപിനാഥ്. ഡിസിസി പ്രസിഡന്‍റും പാലക്കാട് എംപിയുമായ വി കെ ശ്രീകണ്ഠൻ, ആലത്തൂർ എംപി രമ്യ ഹരിദാസ് എന്നിവർ ഗോപിനാഥുമായി ചർച്ച നടത്തിയിരുന്നു.
കെപിസിസിയുടെ നിർദേശപ്രകാരമാണ് പാലക്കാട്ടെ പാർലമെന്‍റ് അംഗങ്ങൾ ഗോപിനാഥിനെ ചെന്നു കണ്ടത്. ചർച്ചകൾക്കൊടുവിൽ ഗോപിനാഥുമൊത്തുള്ള ചിത്രം വി കെ ശ്രീകണ്ഠൻ എം പി തൻ്റെ ഫേസ്ബുക്കില്‍ പങ്ക് വയ്ക്കുകയും ചെയ്‌തിരുന്നു. എന്നാൽ കൂടിക്കാഴ്ചകൾ ഫലം കണ്ടില്ലെന്ന സൂചനയാണ് ഗോപിനാഥിൻ്റെ പ്രതികരണങ്ങൾ നൽകുന്നത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ആയിരിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൻ്റെ അഭിപ്രായ വ്യത്യാസങ്ങൾ തന്നെ വന്ന് കണ്ട കോൺഗ്രസ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് പ്രവർത്തകനായി ജീവിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടാതെ തന്നെപ്പോലുള്ള പ്രവർത്തകർക്ക് നിലനിൽക്കുവാൻ സാധിക്കില്ല.
ഇന്ത്യൻ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുക്കാനും അതിനു വേണ്ടി പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഇന്ന് കെ സുധാകരൻ ഗോപിനാഥുമായി ചർച്ച നടത്തും. ഈ ചർച്ചയും വിഫലമായാൽ ഇനിയൊരു അനുനയ ശ്രമം കോൺഗ്രസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല.