പാലക്കാട്: പെരിങ്ങോടുകാര്‍ക്ക് കൗതുകമായി കുതിര പ്രസവം. മതുപ്പുള്ളി സ്വദേശി ഹംസയുടെ അഞ്ച് വയസുള്ള ഐഷ എന്ന കുതിരയാണ് ആണ്‍ കുഞ്ഞിന് ജന്മം നൽകിയത്. ദുൽദുൽ എന്നാണ് തങ്ങളുടെ വീട്ടിലെ പുതിയ അതിഥിക്ക് വീട്ടുകാര്‍ പേരിട്ടിരിക്കുന്നത്.
കേരളത്തിൽ കുതിരകളുടെ പ്രസവം വിരളമാണെന്നിരിക്കെ കുട്ടിക്കുറുമ്പുമായി നടക്കുന്ന ദുൽദുലും അമ്മ ഐഷയും കുടുംബത്തിന് പുറമെ നാട്ടുകാർക്കും കൗതുക കാഴ്ചയാവുകയാണ്. കുതിര സ്നേഹിയായ ആറാം ക്ലാസുകാരനായ മകൻ മുഹമ്മദ് ഇഷാന്‍റെ നിർബന്ധത്തിന് വഴങ്ങി ഒൻപതര മാസം മുൻപാണ് ഹംസ ഐഷയെ വീട്ടിലെത്തിച്ചത്.
'കൗതുകമായി ഐഷയും ദുല്‍ദുലും' പെരിങ്ങോടെ കുതിര പ്രവസവത്തിന്‍റെ വിശേഷങ്ങള്‍ പാലക്കാട് തത്തമംഗലത്തു നിന്നാണ് പോണി ഇനത്തിൽപ്പെട്ട ഐഷയെ ഹംസ വാങ്ങിയത്. ഇതിനിടെ കുതിര ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു വീട്ടുകാർ. ശനിയാഴ്ച പുലര്‍ച്ചെ കുതിരക്കൂട്ടിലെത്തിയ ഇഷാനാണ് അദ്ഭുതക്കാഴ്ച ആദ്യം കാണുന്നത്.
also read: 'ഉത്തരവിന്‍റെ കുറ്റമല്ല, വീഴ്ച സംഭവിച്ചിട്ടില്ല' ; ന്യായീകരിച്ച് മന്ത്രി കെ രാജൻ
തുടര്‍ന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. പുല്ല്, ഗോതമ്പ്, ചോളോത്തവിട്, മുതിര എന്നിവയാണ് ഐഷയുടെ പ്രധാന ഭക്ഷണമെന്ന് ഉടമ ഹംസ പറയുന്നു. നിലവില്‍ അമ്മയുടെ പാല് മാത്രമാണ് ദുൽദുലിന്‍റെ ഭക്ഷണമെന്നും ഹംസ കൂട്ടിച്ചേര്‍ത്തു. ഐഷയേയും മകന്‍ ദുൽദുലിനേയും കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ ഹംസയുടെ വീട്ടിലേക്കെത്തുന്നത്. ഇതോടെ വീട്ടുകാരുടെ മാത്രമല്ല നാട്ടുകാരുടേയും അരുമയാണ് കുട്ടിക്കുറുമ്പന്‍ ദുൽദുൽ.