പാലക്കാട് : മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസ് എടുത്തു. തിങ്കളാഴ്‌ച വൈകീട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ ബാബുവിന്‍റെ വീട്ടിലെത്തി മൊഴിയെടുത്തശേഷമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. വനമേഖലയിലേക്ക് അതിക്രമിച്ച് കയറിയതിന് കേരള വനനിയമം സെക്ഷന്‍ 27 പ്രകാരമാണ് നടപടി.
ബാബുവിനൊപ്പം മലകയറിയ രണ്ട് വിദ്യാർഥികള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതിനിടെ കുർമ്പാച്ചി മലയിലേക്ക് ആളുകൾ കൂടുതലായി എത്തുന്നത് തടയാൻ വനംവകുപ്പ് നിരീക്ഷണ സംഘത്തെ നിയോഗിച്ചു. 15 അംഗ സംഘം മലയുടെ അടിവാരത്ത് നിലയുറപ്പിച്ചു. ഏത് വഴിയിലൂടെ ആളുകൾ എത്തിയാലും പിടികൂടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യാനാണ് തീരുമാനം.
ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ ഞായറാഴ്‌ച രാത്രിയും ആളുകൾ മലയിലേക്ക് കയറിയിരുന്നു. പ്രദേശവാസിയായ രാധാകൃഷ്ണൻ (41) മലയിൽ കുടുങ്ങിയതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ എത്തിയാണ് രക്ഷിച്ചത്. ഇനി മുതൽ മലകയറാൻ ആളുകൾ എത്തിയാൽ തിരിച്ചയക്കും.