പാലക്കാട്: നൂറുമേനി വിളവ് ലഭിച്ചതിന്‍റെ ആഹ്ളാദത്തിലാണ് പട്ടാമ്പി ഓങ്ങല്ലൂർ പഞ്ചായത്തിലെ കർഷകർ. പഞ്ചായത്തിലെ പാമ്പാടി, കൊണ്ടൂർക്കര പാടശേഖരങ്ങളിലെ 150 തോളം കർഷകർക്ക് ഇത്തവണ രണ്ടാം വിളയില്‍ അധിക നേട്ടം ലഭിച്ചു. മുൻ കാലങ്ങളിൽ ഒരേക്കറിൽ 2200 കിലോ വരെയാണ് നെല്ല് ലഭിച്ചതെങ്കിൽ പ്രളയത്തിന് ശേഷം ഏക്കറിൽ 400 കിലോഗ്രാമിൽ കൂടുതൽ അധിക വളവാണ് ലഭിച്ചത്. പ്രളയത്തിൽ ഒന്നാം വിള പൂർണ്ണമായും വെള്ളത്തിനടിയിലായ പാടത്താണ് കർഷകർ ഈ നേട്ടം കൊയ്‌തത്.
നൂറുമേനി നേട്ടവുമായി ഓങ്ങല്ലൂരിലെ കർഷകർ
പ്രളയത്തിൽ ഒന്നാം വിള പൂർണമായും വെള്ളത്തിനടിയിലായ രണ്ട് പാടശേഖരങ്ങളിലെ 300 ഏക്കറില്‍ ഇറക്കിയ രണ്ടാം വിളയിലാണ് കർഷകർ മികച്ച നേട്ടം കൊയ്‌തത്
അധിക വിളവ് ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും അത് സംഭരിക്കാൻ സപ്ലൈ കൊ തയാറാവുമോ എന്ന ആശങ്കയും കർഷർക്കുണ്ട്. നിലവിലുള്ള മനദണ്ഡമനുസരിച്ച് ഒരേക്കറില്‍ നിന്നും 2200 കിലോ ഗ്രാം നെല്ലാണ് സപ്ലൈ കൊ സംഭരിക്കുന്നത്. കർഷകരുടെ ആവശ്യപ്രകാരം കൃഷിഭവൻ ഇടപെട്ട് സപ്ലൈ കോ വഴി നെല്ല് സംഭരിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് കർഷകർക്ക് അറിയിപ്പുകൾ ലഭിച്ചിട്ടില്ല.
രണ്ട് പടശേഖരങ്ങളിലായി 300 ഏക്കറിലാണ് രണ്ടാം വിള കൃഷി ചെയ്‌തത്. പ്രളയത്തിൽ വൻ തോതിൽ ചളി അടിഞ്ഞതാവും വിളവ് കൂടാൻ കാരണമെന്നാണ് കർഷകർ പറയുന്നു. മണ്ണിന്‍റെ ഘടനയിൽ മാറ്റം വന്നതിനാൽ ഇടവിളയായി ചെയ്യുന്ന പച്ചക്കറി കൃഷിക്കും മികച്ച വിളവ് കിട്ടുമെന്ന പ്രതീക്ഷയും പ്രദേശത്തെ കർഷകർക്കുണ്ട്.