പാലക്കാട് :കാടിറങ്ങിയും വനത്തിലുമായി കൊമ്പന്മാർ 15 മാസത്തിനിടെ അട്ടപ്പാടിയിൽ കൊന്നത് ഒമ്പതുപേരെ. രാത്രികാലങ്ങളിലും, കാലിമേയ്ക്കാനും വനവിഭവങ്ങള്‍ ശേഖരിക്കാനും പോകുമ്പോഴുമാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ട് ഇത്രയുമാളുകൾ മരിച്ചത്. വന്യമൃഗശല്യത്താൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
ഒടുവിൽ ഈ മാസം ആറിന് വനത്തിൽ തേൻ ശേഖരിക്കാൻ അച്ഛനും ബന്ധുക്കൾക്കുമൊപ്പം പോയ ആദിവാസിബാലൻ സഞ്ജു (15) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടിലേക്ക് പോയ സംഘം തേൻ ശേഖരിച്ച് മടങ്ങിവരുമ്പോൾ കാട്ടാനക്കൂട്ടത്തിനുമുന്നിൽ അകപ്പെടുകയായിരുന്നു. 2021 ഫെബ്രുവരി 15ന് മട്ടത്തുകാട് കുലുക്കൂർ ഊരിലെ രങ്കന്‍റെ മകൻ കുഞ്ഞുണ്ണി.
ഏപ്രിൽ 24ന് ഷോളയൂർ ചാവടിയൂർ തമണ്ടന്‍റെ ഭാര്യ കമല, ജൂൺ മൂന്നിന് ഷോളയൂർ തെക്കേ കടമ്പാറ നഞ്ചന്‍റെ മകൻ മുരുകൻ, ജൂൺ 21ന് ഒടമല ഓടപ്പെട്ടി മണിയന്‍റെ മകൻ ജുങ്കൻ, ആഗസ്‌റ്റ് 12ന് കോയമ്പത്തൂർ പെരിയനായിക്കൻപാളയം മരുതപ്പ ഗൗണ്ടറുടെ മകൻ മാരിമുത്തു, താഴെ സമ്പാർക്കോട് ഭീമന്‍റെ ഭാര്യ മരുതി, വീട്ടിക്കുണ്ട് ഊരിലെ മൊട്ട, മണ്ണാർക്കാട് തച്ചമ്പാറ ഷിൻ ഷാജുദ്ദീൻ എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.