പാലക്കാട്: ഇടത് കോട്ടകളായ പാലക്കാട്ടും ആലത്തൂരും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്. 2009 ൽ 1,53,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയം നേടിയ എംബി രാജേഷിനെയാണ് വി കെ ശ്രീകണ്ഠൻ അട്ടിമറിച്ചത്. പാലക്കാടിന്‍റെ 23 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്‍റെ തിരുത്തല്‍ കൂടിയായിരുന്നു യുഡിഎഫിന്‍റെ വിജയം. 11, 637 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ശ്രീകണ്ഠന് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയാണ് പാലക്കാട് നടന്നത്.
ഇടതിനെ കൈവിട്ട് ശക്തികേന്ദ്രങ്ങള്‍; പാലക്കാടും ആലത്തൂരും യുഡിഎഫിന് - v k sreekandan
അപ്രതീക്ഷിത വിജയമാണ് പാലക്കാടും ആലത്തൂരും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയത്.
എൽഡിഎഫിന്‍റെ ഉറച്ച മണ്ഡലമായ പാലക്കാട് ആദ്യഘട്ടം മുതൽ ലീഡ് നിലനിർത്താൻ യുഡിഎഫ് സ്ഥാനാർഥി ശ്രീകണ്ഠനായി. 3,99,274 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന് ലഭിച്ചത് 3,87,637 വോട്ടുകളാണ്. ബിജെപിക്ക് 2,18,556 വോട്ടുകളാണ് ലഭിച്ചത്. പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടാൻ യുഡിഎഫിന് സാധിച്ചു.
ആലത്തൂരിൽ അതിശയിപ്പിക്കുന്ന കുതിപ്പാണ് രമ്യ ഹരിദാസ് നടത്തിയത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാൻ രമ്യക്കായി. പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ മാത്രമാണ് ഇടത് സ്ഥാനാർഥി ചിത്രത്തിലുണ്ടായിരുന്നത്. അതിന് ശേഷം രമ്യയുടെ ലീഡ് ഘട്ടം ഘട്ടമായി ഉയർന്നു കൊണ്ടേയിരുന്നു. 1,58,637 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പാട്ടും പാടി രമ്യ നേടിയത്. രമ്യക്ക് 5,33,815 വോട്ടുകൾ ലഭിച്ചപ്പോൾ ഇടത് സ്ഥാനാര്‍ഥി പി കെ ബിജുവിന് നേടാനായത് 3,74,847 വോട്ടുകൾ മാത്രമാണ്. എൽഡിഎഫ് കൺവീനറുടെ അശ്ലീല പരാമർശത്തിനും പ്രചാരണത്തിനിടെയുണ്ടായ ആക്രമണത്തിനുമുള്ള മറുപടിയാണ് ആലത്തൂരിലെ ചെങ്കോട്ട പിളർത്തിയുള്ള രമ്യയുടെ വിജയം. വരും ദിവസങ്ങളിൽ ഈ പരാജയം സിപിഎം വേദികളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.