പാലക്കാട്:ഇടതുകോട്ടയായ മലമ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ പോസ്റ്റര്‍. സിഐടിയു നേതാവ് എ. പ്രഭാകരനെയാണ് മലമ്പുഴയിലേക്ക് പാര്‍ട്ടി പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രഭാകരനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൊഴിലാളി വിരുദ്ധനെ സ്ഥാനാര്‍ഥിയാക്കരുതെന്നും മലമ്പുഴയില്‍ പാര്‍ട്ടി പരാജയപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നതാണ് പോസ്റ്റര്‍. മലബാര്‍ സിമന്‍റ്സിലെ 348 തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കിയ നേതാവിനെ തിരിച്ചറിയണമെന്നും മലമ്പുഴയെ സംരക്ഷിക്കണമെന്നും പോസ്റ്ററിലുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിലാളികളുടെ വര്‍ഗ വഞ്ചകനെ മാറ്റി നിര്‍ത്തണമെന്നും സേവ് സിപിഐ(എം) എന്ന പേരില്‍ പതിച്ചിട്ടുള്ള പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.
"തൊഴിലാളി വിരുദ്ധനെ സ്ഥാനാര്‍ഥിയാക്കരുത്", മലമ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ പോസ്റ്റര്‍ - മലമ്പുഴ
മലബാര്‍ സിമന്‍റ്സിലെ 348 തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കിയ നേതാവിനെ തിരിച്ചറിയണമെന്നും മലമ്പുഴയെ സംരക്ഷിക്കണമെന്നും പോസ്റ്ററിലുണ്ട്.
മലമ്പുഴയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ച് മണ്ഡലത്തിലെ ഇടതുപക്ഷ അനുഭാവികള്‍ എന്ന പേരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി അയച്ചതായും പറയപ്പെടുന്നു. സിപിഎം ഭരിക്കുന്ന ഏഴ് പഞ്ചായത്തുകളില്‍ വിഭാഗിയ പ്രവര്‍ത്തനം നടത്തി, അഴിമതിക്ക് കൂട്ടുനിന്നു തുടങ്ങിയ ആരോപണങ്ങളുയര്‍ത്തി മണ്ഡലം നഷ്ടമാവാതിരിക്കാന്‍ സ്ഥാനാര്‍ഥി നിര്‍ണയം പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് കത്തിലുള്ളതെന്നാണ് വിവരം. അല്ലാത്ത പക്ഷം പാര്‍ട്ടി വോട്ടുകള്‍ പോലും നഷ്ടപ്പെടുമെന്നും രണ്ടാം സ്ഥാനത്തുള്ള ബിജെപി വിജയിക്കുമെന്നുള്ള മുന്നറിയിപ്പും കത്തിലുണ്ട്.
കഴിഞ്ഞ തവണ വിഎസിനെ ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രഭാകരനെയാണ് മണ്ഡലത്തില്‍ പരിഗണിച്ചത്. അതുപ്രകാരം പ്രഭാകരനു വോട്ടഭ്യര്‍ഥിച്ച് ചുവരെഴുത്തുകള്‍ വരെ തുടങ്ങിയിരുന്നു. എന്നാല്‍ വിഎസിന്‍റെ സ്ഥാനാര്‍ഥിത്വത്തിനായി അണികളില്‍ നിന്നും ആവശ്യം ശക്തമായതോടെ പ്രഭാകരനെ മാറ്റി വീണ്ടും വിഎസ് അച്യുതാനന്ദനെ മത്സരിപ്പിക്കുകയായിരുന്നു. ഇത്തവണ വിഎസ് ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പ്രഭാകരനെ തന്നെ പാര്‍ട്ടി വീണ്ടും പരിഗണിച്ചത് .