കേരളം

kerala

ETV Bharat / state

പെട്ടിമുടിയുടെ ഭീതിയില്‍ നടുക്കത്തോടെ ധോണി: ക്വാറികൾക്കെതിരെ നാട്ടുകാർ - ക്വാറി

2018 മുതൽ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ വലുതും ചെറുതുമായ പത്തിലധികം ഉരുൾ പൊട്ടലുകളാണ് ഇവിടെയുണ്ടായത്. മലയടിവാരത്ത് സ്ഥിതി ചെയ്യുന്ന രണ്ട് കരിങ്കൽ ക്വാറികളുടെ പ്രവർത്തനം മൂലമാണ് ഈ പ്രദേശത്ത് നിരന്തരം ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

landslides  hilly village  Dhoni  ഉരുള്‍പൊട്ടല്‍  പാലക്കാട്  മലയോര ഗ്രാമമായ ധോണി  ക്വാറി  വാളയാർ ഫോറസ്റ്റ് റേഞ്ച്
ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ മലയോര ഗ്രാമമായ ധോണി

By

Published : Aug 18, 2020, 9:47 PM IST

Updated : Aug 19, 2020, 3:24 PM IST

പാലക്കാട്: പ്രകൃതി അണിയിച്ചൊരുക്കിയ കാഴ്ച്ചകളാൽ സമ്പന്നമാണ് പാലക്കാട്ടെ മലയോര ഗ്രാമമായ ധോണി. അരുവികളും പുൽമേടുകളുമൊക്കെയായി ആരുടേയും മനം കവരുന്ന ഈ പ്രദേശം പക്ഷേ ഇന്ന് ഉരുൾപൊട്ടൽ ഭീഷണിയിലാണ്. 2018 മുതൽ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ വലുതും ചെറുതുമായ പത്തിലധികം ഉരുൾ പൊട്ടലുകളാണ് ഇവിടെയുണ്ടായത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഏഴാം തിയതി ഉരുൾ പൊട്ടലുണ്ടായതിന്‍റെ ദൃശ്യങ്ങളാണിത്.

പെട്ടിമുടിയുടെ ഭീതിയില്‍ നടുക്കത്തോടെ ധോണി: ക്വാറികൾക്കെതിരെ നാട്ടുകാർ

ജനവാസ മേഖലയ്ക്ക് മുകളിലുള്ള വാളയാർ ഫോറസ്റ്റ് റേഞ്ചിലാണ് ഉരുൾ പൊട്ടിയിരിക്കുന്നത്. മലയുടെ മുകൾ ഭാഗത്തു നിന്നും കൂറ്റൻ കല്ലുകളും ചെളിയുമടക്കം ഒരു കിലോമീറ്ററോളം ദൂരത്തിൽ ഒലിച്ചിറങ്ങിയിട്ടുണ്ട്. മരങ്ങളും കടപുഴകി വീണു. ഉരുൾ പൊട്ടി വന്ന ദിശയിൽ നിരവധി മരങ്ങളുള്ളതിനാൽ പാറക്കെട്ടുകൾ ഈ മരങ്ങളുടെ വേരുകളിലും മറ്റും തടഞ്ഞു നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. മലയടിവാരത്ത് സ്ഥിതി ചെയ്യുന്ന രണ്ട് കരിങ്കൽ ക്വാറികളുടെ പ്രവർത്തനം മൂലമാണ് ഈ പ്രദേശത്ത് നിരന്തരം ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

ധോണി വനത്തിനോട് ചേർന്ന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് രണ്ട് ക്വാറിയും പ്രവർത്തിക്കുന്നത്. ഇവയിലൊന്നിന്‍റെ 400 മീറ്റർ മാത്രം അകലെയാണ് 2018 ൽ ഉരുൾ പൊട്ടിയത്. കരിങ്കൽ ഖനന മേഖലയും മലമ്പുഴ ഡാമും ഈ മലയുടെ ഇരുവശത്തുമാണ് സ്ഥിതി ചെയ്യുന്നത്. ക്വാറിയുടെ മറുവശമായ തെക്കേ മലമ്പുഴയിൽ കഴിഞ്ഞ വർഷം സമീപ കാല ചരിത്രത്തിൽ ആദ്യമായി ഉരുൾ പൊട്ടലുണ്ടായി. ഉരുൾപൊട്ടി ഇറങ്ങുന്ന ചെളിയും മാലിന്യങ്ങളും ഡാമിലേക്ക് എത്തുന്നത് ജലമലിനീകരണത്തിനും ഡാമിന്‍റെ സംഭരണശേഷി കുറയ്ക്കാനും കാരണമാകുന്നുണ്ട്. 40 വർഷത്തിലധികമായി ഇവിടെ താമസിക്കുന്നവർ പറയുന്നത് ക്വാറി വരുന്നതിന് മുൻപ് ഇത്തരത്തിലുള്ള മണ്ണിടിച്ചിലുകളോ ഉരുൾ പൊട്ടലോ തങ്ങളുടെ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ്.

നാഷണൽ സെന്‍റര്‍ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് പഠന റിപ്പോർട്ട് പ്രകാരം ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും വളരെ സാധ്യതയുള്ള സ്ഥലങ്ങളാണ് ധോണി മലനിരകൾ. ഈ റിപ്പോർട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പ്രദേശത്ത് ക്വാറി പ്രവർത്തിക്കാൻ പാരിസ്ഥിതിക അനുമതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത്രയധികം ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

Last Updated : Aug 19, 2020, 3:24 PM IST

ABOUT THE AUTHOR

...view details