പാലക്കാട്:പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടി കൊലപ്പെടുത്തി. മരുതറോഡ് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.15ന് ഷാജഹാന്റെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവം.
8 പേരടങ്ങുന്ന അക്രമി സംഘം വടി വാള് ഉപയോഗിച്ച് ഷാജഹാനെ ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ ഷാജഹാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാഷ്ട്രീയ പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. നേരത്തെയും ഷാജഹാനെതിരെ വധ ഭീഷണി ഉണ്ടായതായി സിപിഎം നേതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്ഐയുടെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായുള്ള ഒരുക്കത്തിനിടയിലാണ് ഷാജഹാന്റെ കൊലപാതകം.
ഒരിടവേളക്ക് ശേഷമാണ് പാലക്കാട് വീണ്ടും രാഷ്ട്രീയ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊല്ലുകയായിരുന്നു. ഇതിന് പ്രതികാരമായി പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിനെ പിതാവിന്റെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി. ഈ കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തരെ കഴിഞ്ഞ ഏപ്രില്‍ 19നാണ് അറസ്റ്റ് ചെയ്തത്.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ കൊലക്ക് തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഷാജഹാന്റെ മൃതദേഹം ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read പാലക്കാട്ടെ കൊലപാതകങ്ങള്‍ : 13 പേര് പിടിയില്‍, കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് പൊലീസ്