പാലക്കാട്: ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നു. പാലക്കാട് ഇതുവരെ 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 28 പേര്‍ക്ക് രോഗം ഭേദമായി. 13 പേരാണ് ഇനി ചികിത്സയിലുള്ളത്. പട്ടാമ്പിയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന്‍, ജില്ലാ ആശുപത്രി ജീവനക്കാരന്‍, വല്ലപുഴ പി.എച്ച്.സിയിലെ നാല് ജീവനക്കാര്‍, നന്ദിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാല്‍പതോളം പേര്‍ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊവിഡ് വ്യാപനം; ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നു
പാലക്കാട് ഇതുവരെ 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇവര്‍ ജോലി ചെയ്‌തിരുന്ന വിഭാഗങ്ങളും ആശുപത്രികളും താല്‍ക്കാലികമായി അടച്ചിടാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. പറളിയില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അടച്ചിട്ടിരുന്നു. ആലത്തൂര്‍ ആശുപത്രിയില്‍ അഞ്ച് ജീവനക്കാര്‍ക്കും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ലക്ഷണങ്ങളില്ലാതെ ചികിത്സക്കെത്തുന്നവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.