പാലക്കാട്: സിനിമാകഥയെ വെല്ലുന്ന ജീവിത സംഭവങ്ങളുമായാണ് ഛത്തീസ്‌ഗഡ് സ്വദേശിനി ജ്യോതി ജനവിധി തേടുന്നത്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ബിജെപി സ്ഥാനാർഥിയായാണ് ജ്യോതി മത്സരിക്കുന്നത്. 2010 ജനുവരി മൂന്നിനാണ് ജ്യോതിയുടെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവം നടക്കുന്നത്.
ജീവിതാനുഭവങ്ങളുടെ കരുത്തുമായി കേരളത്തിൽ നിന്നും ജനവിധി തേടി ഛത്തീസ്‌ഗഡ് സ്വദേശിനി - ല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ബിജെപി സ്ഥാനാർഥിയായാണ് ജ്യോതി മത്സരിക്കുന്നത്
ഛത്തീസ്‌ഗഡ് മൈത്രി കോളജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനായി ജ്യോതി കയറിയ ബസാണ് ജീവിതത്തിൽ വഴിത്തിരിവായത്. ബസിൽ യാത്ര ചെയ്യുന്ന സമയത്ത് നിയന്ത്രണം തെറ്റിയ ഒരു ട്രക്ക് ബസിന് നേരെ വരുന്നതു കണ്ട് ഞെട്ടി. തൊട്ടുമുന്നിലിരിക്കുന്ന യാത്രക്കാരൻ വിൻഡോയിൽ തല ചാരി ഉറങ്ങുന്നത് അപ്പോഴാണ് ജ്യോതി ശ്രദ്ധിച്ചത്. ഉടൻതന്നെ ജ്യോതി യാത്രക്കാരനെ വലത് കൈ ഉപയോഗിച്ച് അകത്തേക്ക് തള്ളി. ഒരു പോറലുമേൽക്കാതെ ആ യാത്രക്കാരൻ രക്ഷപ്പെട്ടു. എന്നാൽ ജ്യോതിയ്ക്ക് തന്‍റെ വലതുകൈ നഷ്‌ടപ്പെട്ടു.
പാലക്കാട് പാലത്തുള്ളി സ്വദേശിയും സിഐഎസ്എഫ് ജവാനുമായ വികാസിനെയാണ് ജ്യോതി രക്ഷപ്പെടുത്തിയത്. അപകടത്തിന്‍റെ കാതടപ്പിക്കുന്ന ശബ്‌ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ജ്യോതിയെയാണ് കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജ്യോതിക്ക് സഹായത്തിന് വികാസും വികാസിന്‍റെ സഹോദരൻ വിശാലും കൂടെയുണ്ടായിരുന്നു. ഇന്ന് ജ്യോതി വികാസിന്‍റെ പ്രിയപത്നിയാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും തികഞ്ഞ പിന്തുണയുള്ളതിനാൽ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ജ്യോതിയും കൂട്ടരും.