പാലക്കാട്: അശ്രദ്ധമായി കാറിന്‍റെ ഡോർ തുറന്നതിനിടെ മോട്ടോർ ബൈക്ക് യാത്രികനായ റെയിൽവേ ജീവനക്കാരന് പരിക്കേറ്റ സംഭവത്തിൽ 1.41 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. പാലക്കാട് രണ്ടാം അഡിഷണൽ ജില്ല ആൻഡ് സെഷൻസ് കോടതി അഡിഷണൽ മോട്ടോർ ആക്‌സിഡന്‍റ് ക്ലയിംസ് ട്രൈബ്യൂണൽ കോടതി ജഡ്‌ജി കെ പി തങ്കച്ചനാണ് വിധിച്ചത്. 2017 ജൂൺ 20ന് കാവിൽപ്പാട് വച്ചാണ് അപകടമുണ്ടായത്.
പാലക്കാട് സതേൺ റയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റായിരുന്ന എം വി സുരേഷ് ഒലവക്കോട് ഭാഗത്തു നിന്ന് കാവിൽപ്പാട്ടേക്ക് മോട്ടോർ സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം. ഒലവക്കോട് മലബാർ ആശുപത്രിക്ക് സമീപത്ത് വച്ച് സുരേഷിന്‍റെ മുന്നിൽ പോയിരുന്ന കാർ പെട്ടെന്ന് നിർത്തി ഡ്രൈവർ ഡോർ തുറന്നു. മോട്ടോർ സൈക്കിൾ കാറിന്‍റെ ഡോറിൽ തട്ടി സുരേഷിന് ഗുരുതര പരിക്കേറ്റു.
പാലക്കാട് ട്രാഫിക് പൊലീസാണ് കാർ ഡ്രൈവർ മുണ്ടൂർ നൊച്ചുപ്പുള്ളി സ്വദേശി എസ് ഗോപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കാറിന്‍റെ ഉടമ ഐ ആർ അരുൺകുമാറിനെതിരെയും കേസ് എടുത്തിരുന്നു. പരിക്ക് ഗുരുതരമായതിനാൽ രണ്ട് വർഷത്തിന് ശേഷം സുരേഷിന് സതേൺ റയിൽവേയിൽനിന്ന് വിരമിക്കേണ്ടി വന്നു.
അപകടത്തിലേറ്റ പരിക്കിന്‍റെ തീവ്രത, ആശുപത്രി ചെലവ്, അവശത, വരുമാന നഷ്‌ടം, ഭാവിയിലുണ്ടായേക്കാവുന്ന വരുമാന നഷ്‌ടം തുടങ്ങിയവ കണക്കാക്കിയാണ് കോടതി വിധി. 1.01 കോടി രൂപ (1,01,38,808) വിധിയും, ക്ലയിം പെറ്റിഷൻ ഫയൽ ചെയ്‌ത തീയതി തൊട്ടുള്ള എട്ട് ശതമാനം പലിശയും കോടതി ചെലവുകളും ഉൾപ്പെടെയാണ് 1.41 രൂപ അടയ്‌ക്കേണ്ടത്. കാറിന്‍റെ ഇൻഷുറൻസ് കമ്പനിയുടെ പാലക്കാട് ബ്രാഞ്ച് കോടതിയിൽ ഒരു മാസത്തിനകം തുക അടയ്‌ക്കണം. പരാതിക്കാർക്ക് വേണ്ടി അഭിലാഷ് ലീഗൽ അസോസിയേറ്റ്‌സിലെ അഭിലാഷ് തേങ്കുറുശി, റോഷ്‌നി സുരേഷ് എന്നിവർ ഹാജരായി.