പാലക്കാട്:സംസ്ഥാനത്ത് ഇറച്ചിക്കോഴി വില പ്രതിദിനം കുതിച്ചുയരുന്നു. ഒരു കിലോ കോഴിയ്ക്ക് 158 രൂപയാണ് ഞായറാഴ്‌ചത്തെ വില. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിലാണിത്.
ഇറച്ചിമാത്രം വാങ്ങുകയാണെങ്കില്‍ വില 252 രൂപയാകും. കഴിഞ്ഞ ഒരു മാസമായി ക്രമാനുഗതമായി വില വർധിക്കുകയാണ്. നേരത്തേ അപൂർവമായേ കോഴിവില 150 പിന്നിട്ടിട്ടുള്ളൂ. ഒരു മാസം മുന്‍പ് 100 രൂപയിൽ താഴെയായിരുന്നു വില. ഒരു മാസത്തിനിടെ 65 രൂപയാണ് കൂടിയത്.
സാധാരണ വേനൽക്കാലത്ത് വില കുത്തനെ ഇടിയാറാണ് പതിവ്. ഈ വർഷം സ്ഥിതിപാടെ മാറുകയായിരുന്നു. തമിഴ്‌നാട്ടിലെ ഫാം ഉടമകൾ കൃത്രിമക്ഷാമം ഉണ്ടാക്കാൻ കോഴി ഇറക്കുന്നത് കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലെ ഫാമുകളിൽ കോഴിയില്ലാത്തപ്പോൾ തമിഴ്‌നാട് ലോബി വില കുത്തനെ ഉയർത്തുകയാണ്. കേരളത്തിലെ ഫാമുകളിൽ കോഴി വളർച്ചയെത്തുമ്പോൾ തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയ്ക്ക് വിലകുറച്ച് കേരളത്തിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രവണതയുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.