കേരളം

kerala

പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കിയിട്ടുണ്ടെന്ന് എ.വി. ഗോപിനാഥ്

പാര്‍ട്ടി ചുമതല ഏല്‍പിച്ചാല്‍, ഗ്രൂപ്പുകള്‍ക്കപ്പുറം എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുനയിക്കുമെന്നാണ് ഗോപിനാഥ് വ്യക്തമാക്കിയിട്ടുള്ളത്

By

Published : Mar 11, 2021, 5:33 PM IST

Published : Mar 11, 2021, 5:33 PM IST

palakkad congress news  AV Gopinath news  AV Gopinath congress latest  പാലക്കാട് കോണ്‍ഗ്രസ് വാർത്ത  എ.വി. ഗോപിനാഥ് വാർത്ത  എ.വി. ഗോപിനാഥ് കോണ്‍ഗ്രസ്
പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കിയിട്ടുണ്ടെന്ന് എ.വി. ഗോപിനാഥ്

പാലക്കാട്: കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവെന്ന പരാതി ഉയര്‍ത്തിയ മുന്‍ എംഎല്‍എ എ.വി. ഗോപിനാഥ് വിശ്വസ്‌തരുടെ യോഗം വിളിച്ചു ചേർത്തു. ഗോപിനാഥ് പാര്‍ട്ടിയില്‍ തുടരുമോയെന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസില്‍ നില്‍ക്കാനും അവസാനം വരെ തുടരാനും ആഗ്രഹമുണ്ട്. പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്. സമയമായി എന്ന തോന്നലാണ് എനിക്കുള്ളത്. എന്തായാലും ഞാന്‍ എന്‍റെ പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. അത് ഇനി എടുക്കാനുള്ളൊരു ആള് വേണം. ബാക്കി തയ്യാറെടുപ്പുകളെല്ലാം നടത്തി കൊണ്ടിരിക്കുകയാണെന്ന് എവി ഗോപിനാഥ് പ്രതികരിച്ചു.

പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കിയിട്ടുണ്ടെന്ന് എ.വി. ഗോപിനാഥ്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അനുനയ ചര്‍ച്ചക്കായി തന്നെ സമീപിച്ചിരുന്നുവെന്നും ഗോപിനാഥ് പറഞ്ഞു. എന്നാല്‍ മറ്റ് ഓഫറുകളൊന്നും സ്വീകരിക്കാന്‍ തയ്യാറല്ലെന്നും എ.വി. ഗോപിനാഥ് വ്യക്തമാക്കി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ നേരത്തെ സുധാകരന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പും ഗോപിനാഥിന് നല്‍കിയിരുന്നു. എന്നാല്‍ ഗോപിനാഥ് കടുത്ത നിലപാടിലേക്കാണ് പോകുന്നത് എന്നാണ് സൂചന.

ഗോപിനാഥ്, നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത് തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതുകൊണ്ടാണ് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പട്ടാമ്പി സീറ്റ് നല്‍കാമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍, താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കി. ഇതോടെയാണ് ഗ്രൂപ്പില്ലാത്തതിന്‍റെ പേരില്‍ പ്രവര്‍ത്തകര്‍ അവഗണിക്കപ്പെടുന്നു എന്ന ഇദ്ദേഹത്തിന്‍റെ പരാതി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചത്. തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാം എന്ന ആലോചനകളും ഉയര്‍ന്നത്. പാര്‍ട്ടി ചുമതല ഏല്‍പിച്ചാല്‍, ഗ്രൂപ്പുകള്‍ക്കപ്പുറം എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുനയിക്കുമെന്നാണ് ഗോപിനാഥ് വ്യക്തമാക്കിയിട്ടുള്ളത്.

പാലക്കാട് ഡിസിസി അധ്യക്ഷനായിരുന്ന വി.കെ. ശ്രീകണ്‌ഠന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയെ നയിക്കാന്‍ പരിജയസമ്പത്തുള്ള പുതിയ ഒരാള്‍ വരണമെന്ന് പ്രാദേശിക ഘടകം ഏറെനാളായി ആവശ്യപ്പെടുന്നതാണ്. നേരത്തെ തല്‍സ്ഥാനത്തേക്ക് ഗോപിനാഥിന്‍റെ പേര് ഉയര്‍ന്നിരുന്നെങ്കിലും എഐസിസി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല. ഇതോടെയാണ് അവഗണിക്കുകയാണെന്ന തരത്തില്‍ ഗോപിനാഥ് തുറന്നടിച്ചത്.

ABOUT THE AUTHOR

...view details