പാലക്കാട് :അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് എസ്‌സി- എസ്‌ടി കോടതി ഇന്ന് വിധി പറയും. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്‌താരത്തിനൊടുവിലാണ് വിധി വരുന്നത്. കനത്ത സുരക്ഷയിലാണ് മണ്ണാര്‍ക്കാട് കോടതി പരിസരം.
ക്രൂരമായ നരഹത്യ നടന്ന് അഞ്ച് വര്‍ഷത്തിനിപ്പുറമാണ് കേസില്‍ വിധി വരുന്നത്. ഒറ്റപ്പെടുത്തലുകളും ഭീഷണികളും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മധുവിന്‍റെ കുടുംബം നടത്തിയ പോരാട്ടമാണ് വിധിയിലേക്കെത്തുന്നത്. 16 പേരാണ് പ്രതികള്‍.
3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്‍റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്.
മോഷണ കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ മധുവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിന്‍റെ അന്തിമ വാദം മാര്‍ച്ച് 10ന് പൂര്‍ത്തിയായി. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് എന്ന പ്രത്യേകതയുമുണ്ട്. മാര്‍ച്ച് 18ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്.
എന്നാല്‍ സാങ്കേതിക തടസങ്ങളാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂറുമാറിയ ചില സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി.
സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ച് കോടതി :കൂറുമാറിയ സാക്ഷിയുടെ കാഴ്‌ച പരിശോധിക്കുക എന്ന അപൂര്‍വതയും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതിയിലെ വിസ്‌താരത്തിനിടെ നടന്നു. കേസിൽ കുറുമാറിയ 29-ാം സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്‌ചയാണ് കോടതി നിർദേശ പ്രകാരം പരിശോധിച്ചത്. പാലക്കാട് ജില്ല ആശുപത്രി സുനിൽ കുമാറിന്‍റെ കാഴ്‌ച പരിശോധിക്കുകയും യാതൊരു പ്രശ്‌നവുമില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്‌തു.
മധുവിനെ ഒരു സംഘം ആളുകൾ കൂട്ടിക്കൊണ്ടുവരുന്നതും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതും കൈ കെട്ടുന്നതും കാൽമുട്ട് മടക്കി ഇടിക്കുന്നതും കണ്ടു എന്ന് സുനിൽ കുമാർ മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇയാൾ ഇത് നിഷേധിക്കുകയായിരുന്നു. വീഡിയോയിലെ ദൃശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സുനിൽ കോടതിയിൽ പറഞ്ഞത്. ഇതോടെയാണ് കാഴ്‌ച ശക്തി പരിശോധിക്കാൻ കോടതി നിർദേശിച്ചത്. വനംവകുപ്പിലെ താത്കാലിക വാച്ചറായ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
സ്വാധീനിക്കാനും ശ്രമം : കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണികളും സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ആരോപിച്ച് മധുവിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. പുതിയ വീട് നിർമിച്ച് നൽകാമെന്നും കേസിന് പുറകെ പോകാതെ സുഖമായി ജീവിക്കൂ എന്നും അറിയിച്ചാണ് കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നത്. മുക്കാലി സ്വദേശി അബ്ബാസ് എന്നയാൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും കുടുംബം ആരോപിച്ചു. തുടർന്ന് മധുവിന്‍റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.