പാലക്കാട്:കഴിഞ്ഞ 10 വർഷങ്ങളിൽ മണ്ഡലത്തിനകത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് മൂന്നാം തവണയും ജനവിധി തേടുന്നതിന് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് മണ്ണാർക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ.എൻ.ഷംസുദ്ദീൻ. മണ്ണാർക്കാട് മണ്ഡലത്തിലെ പിന്നോക്ക മേഖലയായ അട്ടപ്പാടിയിൽ നടത്തി വരുന്ന ആദിവാസി ക്ഷേമ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, മിനി സിവിൽ സ്റ്റേഷൻ നിർമാണം, ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ കാലയളവിൽ ചെയ്യാൻ സാധിച്ചു. ഇനിയും എവിഐപി പദ്ധതി (അട്ടപ്പാടി വാലി ഇറിഗേഷൻ പ്രൊജക്ട്), ബദൽ റോഡ് തുടങ്ങിയ ചില കാര്യങ്ങൾ കൂടി ഈ മേഖലയിൽ നടപ്പിലാക്കേണ്ടതുണ്ട്.
മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് ജനവിധി തേടാനുള്ള ആത്മവിശ്വാസമെന്ന് അഡ്വ.എൻ.ഷംസുദ്ദീൻ
അട്ടപ്പാടിയുൾപ്പെടെയുള്ള മലയോര വനമേഖലകൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ രൂക്ഷമായത് ഈ സർക്കാരിന്‍റെ കാലഘട്ടത്തിലാണെന്ന് അഡ്വ.എൻ.ഷംസുദ്ദീൻ
അട്ടപ്പാടിയുൾപ്പെടെയുള്ള മലയോര വനമേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ രൂക്ഷമായത് ഈ സർക്കാരിന്‍റെ കാലഘട്ടത്തിലാണ്. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോ മീറ്റർ കൂടി പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്‍റെ ശുപാർശ പ്രകാരമാണ് കേന്ദ്രം നടപ്പിലാക്കാൻ പോകുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങൾ മേഖലയിൽ സൃഷ്ടിക്കും. അതുപോലെ കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അട്ടപ്പാടിയിലെ മുഴുവൻ വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ വരുന്ന സ്ഥിതിയാണുള്ളത്. യുഡിഎഫ് ഭരണകാലത്ത് ചില ഭാഗങ്ങൾ മാത്രമായിരുന്നു സംരക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അത്തരം ഭാഗങ്ങൾ ഉൾപ്പെടുന്ന വില്ലേജുകൾ മുഴുവൻ സംരക്ഷിത മേഖലയായി പരിഗണിക്കപ്പെടുന്നു.
കൃഷിഭൂമികളും ഇതിൽ ഉൾപ്പെടുന്നു എന്നത് ഖേദകരമാണ്. ഇത്തരം സംരക്ഷിത വില്ലേജ് പരിധിയിൽ നിന്നും കൃഷിഭൂമികൾ വേർതിരിക്കാനുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതിന് പുറമേ അട്ടപ്പാടിയിൽ ഭവാനി വന്യ ജീവി സങ്കേതത്തിനായുള്ള ശുപാർശയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ. ഇത്തരം നടപടികൾ ഇവിടുത്തെ ജനജീവിതം കൂടുതൽ ദുസഹമാക്കും. യുഡിഎഫ് സർക്കാർ ഭരണത്തിലെത്തുക എന്നതാണ് ഇതിനുള്ള പ്രതിവിധിയെന്നും അഡ്വ.എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.