മലപ്പുറം: ലോകവനിതാ ദിനത്തില്‍ രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറത്തെ സ്ത്രീകള്‍. 'പുതിയ പുലരിയിലേക്ക്' എന്ന സന്ദേശവുമായി ജില്ലയിലെ മൂവായിരത്തിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് ജില്ലാഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ മെഗാ നൈറ്റ് വാക്ക് സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് കോട്ടക്കുന്ന് പാര്‍ക്ക് വനിതകള്‍ക്ക് സൗജന്യമായി തുറന്നുനല്‍കും. മാര്‍ച്ച് എട്ടിന് രാത്രി 12 മണിക്ക് കോട്ടക്കുന്നിലെ തുറന്ന വേദിയില്‍ വനിതാദിനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടക്കും.
പുതിയ പുലരിയിലേക്ക്; വനിതാ ദിനത്തില്‍ സ്‌ത്രീകളുടെ രാത്രിനടത്തം - womens day celebration
മാര്‍ച്ച് എട്ടിന് രാത്രി 12 മണിക്ക് കോട്ടക്കുന്നിലെ തുറന്ന വേദിയില്‍ വനിതാദിനത്തിന്‍റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം.
ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയവര്‍ നാല് പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും നടത്തം ആരംഭിച്ച് കോട്ടക്കുന്ന് മൈതാനത്ത് സംഗമിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്‌തിട്ടുള്ളത്. നാല് കേന്ദ്രങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമൊരുക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യസേവനം, സാംസ്‌കാരികം, കായികം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെച്ച 50 വനിതകളെ ആദരിക്കും. കൂടാതെ മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ പ്രാദേശിക തലത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലയിലെ വനിതാദിനാഘോഷപരിപാടികള്‍ വിപുലമായി ആചരിക്കുന്നതിനായി ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്‌ടര്‍ കെ.എസ്.അഞ്ജു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.