മലപ്പുറം: നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാത്രി നടത്തം പരിപാടിയില്‍ മികച്ച സ്ത്രീ പങ്കാളിത്തം. ജില്ലയിൽ 11 നഗരസഭ കേന്ദ്രങ്ങളിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാത്രികളിൽ സ്ത്രീകൾക്കും നിർഭയമായി സഞ്ചരിക്കാമെന്ന് പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഞായറാഴ്ച രാത്രി 11 മുതല്‍ രാവിലെ ഒരു മണി വരെയായിരുന്നു 'പൊതു ഇടം എന്‍റേതും' എന്ന പേരില്‍ നിര്‍ഭയ നടത്തം ഒരുക്കിയത്. മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, കോട്ടക്കൽ, തിരൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി, പൊന്നാനി, വളാഞ്ചേരി, താനൂർ നഗരസഭകളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. കോട്ടക്കലില്‍ 25 പേർ രാത്രി നടത്തത്തിൽ പങ്കെടുത്തു. കോട്ടക്കൽ നഗരസഭ കാര്യാലയത്തിൽ നിന്നും ആരംഭിച്ച നടത്തം ചെങ്കുവെട്ടി വരെയായിരുന്നു.
രാത്രികൾ തങ്ങളുടേതെന്നു കൂടി പ്രഖ്യാപിച്ച് രാത്രി നടത്തത്തിൽ പങ്കെടുത്ത് സ്ത്രീകള്‍
മൂന്ന് വിഭാഗങ്ങളായി രണ്ടും മൂന്നും കൂട്ടമായി നടന്ന സംഘത്തിന് നേരെ അപമര്യാദയോടെ ആരെങ്കിലും പെരുമാറിയാൽ വിസിൽ അടിക്കാനും മൊബൈലില്‍ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും അധികൃതർ നിർദേശം നൽകിയിരുന്നു
മൂന്നു വിഭാഗങ്ങളായി രണ്ടും മൂന്നുംകൂട്ടമായി നടന്ന സംഘത്തിന് നേരെ അപമര്യാദയോടെ ആരെങ്കിലും പെരുമാറിയാൽ വിസിൽ അടിക്കാനും മൊബൈലില്‍ ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും അധികൃതർ നിർദേശം നൽകിയിരുന്നു. രാത്രി നഗരത്തിലൂടെ നിർഭയം നടക്കാൻ ധൈര്യം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വേങ്ങര ഐ.സി. ഡി.എസ്, സി.ഡി.പി.ഒ സാജിത ആറ്റാശ്ശേരി പറഞ്ഞു. കടകളിൽ ഷോപ്പിങ്ങ് നടത്തിയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ തനിച്ചിരുന്നും പുതുചരിത്രം തീർക്കുകയായിരുന്നു സ്ത്രീകള്‍. കൗൺസിലർമാരായ എം.ഗിരിജ ടീച്ചർ, റംല കറുത്തേടത്ത്, ഗിരിജ, ടി.വി മുംതാസ്, എൽ.ശോഭനകുമാരി, കൃഷ്ണ ടീച്ചർ എന്നിവർ കോട്ടക്കലിൽ നടന്ന പരിപാടിയിൽ പങ്കാളികളായി. കോട്ടക്കൽ സി.ഐ യൂസഫ്, എസ്.ഐ റിയാസ് ചാക്കീരി, എസ്.ഐ സന്ധ്യാ ദേവി എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു പരിപാടി. മാർച്ച് എട്ട് വനിതാ ദിനം വരെ എല്ലാ ആഴ്ചകളിലും രാത്രി നടത്തം സംഘടിപ്പിക്കും. സംസ്ഥാനത്ത് 250 സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകളാണ് രാത്രി നടത്തത്തിന്‍റെ ഭാഗമായത്.