മലപ്പുറം :മധുരമൂറുന്ന തേന്‍ ഏവര്‍ക്കും പ്രിയങ്കരമാണ്. അത് നുണയാനുള്ള അവസരം തേനിഷ്ടപ്പെടുന്നവര്‍ പാഴാക്കാറില്ല. എന്നാല്‍ തേനീച്ചകളോട് അകലം പാലിക്കുന്നവരാണ് ഏറെയും. കൂട്ടമായെത്തി വേദനിപ്പിക്കുമോയെന്ന ഭയം മൂലമാണ് വിട്ടുനില്‍ക്കുന്നത്.
എന്നാല്‍ മലപ്പുറം കരുളായിലെ മനോഹരനും കുടുംബവും പെരുന്തേനീച്ചക്കൂട്ടത്തെ സംരക്ഷിച്ച് ഇത്തരം ധാരണകളെ തിരുത്തുകയാണ്.വസന്തം പൂവിടുമ്പോള്‍ മനോഹരന്‍റെ വീട് തേടി പെരുന്തേനീച്ചക്കൂട്ടമെത്തും. വീടിന്‍റെ ഒന്നാം നിലയിലെ വാതില്‍ പടിയില്‍ കൂടൊരുക്കും.
മനോഹരന്‍റെ വീടിന് പുറത്ത് ഭീമന്‍ തേനിച്ചക്കൂട് ; 'പേടിക്കണ്ട ഇവര്‍ അതിഥികളാണ്' ശേഖരിയ്ക്കുന്ന തേന്‍ ഇവിടെ സംഭരിയ്ക്കും. മഴക്കാലത്ത് കൂടൊഴിഞ്ഞുപോകും. കഴിഞ്ഞ നാല് വര്‍ഷമായി ഇതിന് മുടക്കം വന്നിട്ടില്ലെന്ന് മനോഹരന്‍ പറയുന്നു.
സാധാരണ വനത്തിനുള്ളിലെ വന്മരങ്ങളിലും പാറക്കൂട്ടങ്ങളിലുമാണ് പെരുന്തേനീച്ചകളെ കാണാറുള്ളത്. പുറമേ ശാന്തസ്വഭാവക്കാരാണെങ്കിലും ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടാല്‍ ആക്രമണകാരികളാകുന്നവയാണ് ഇവ.
ഒരു മീറ്ററോളം നീളത്തിലുള്ള ഭീമന്‍ കൂടാണ് ഇവ ഒരുക്കുന്നത്. വീടിന് പുറത്തെ ഭീമന്‍ തേനീച്ച കൂട് കണ്ട് അന്ധാളിച്ച് നില്‍ക്കുന്നവരോട് മനോഹരന്‍ പറയും. 'പേടിക്കണ്ട ഇവ അതിഥികളാണ്, ഉപദ്രവിക്കില്ലെന്ന്.
'അവ ഇങ്ങോട്ടും തങ്ങള്‍ അങ്ങോട്ടും ഉപദ്രവിക്കില്ലെന്ന പരസ്‌പര വിശ്വാസത്തിലാണ് ഇരുകൂട്ടരും. തേനിനായും കൂട്ടിലെ റാണിക്കായും നിരവധി പേര്‍ വരുമെങ്കിലും മനോഹരന്‍ സമ്മതിക്കാറില്ല. അവ ശേഖരിക്കുന്ന തേന്‍ അവരുടേതാണെന്നാണ് മനോഹരന്‍റെ നിലപാട്.
മക്കളായ ആനന്ദിനും അഭിനന്ദിനും തേനീച്ചകള്‍ കൂട്ടുകാരാണ്. ഇടയ്‌ക്ക് വെളിച്ചം കണ്ട് വീടിനുള്ളിലേക്ക് വരുമെങ്കിലും ആരേയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഗോകുലം ചിറ്റ്സ് എടക്കര ബ്രാഞ്ച് മാനേജരാണ് മനോഹരന്‍. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.