മലപ്പുറം:ജില്ലയിൽ വിവിധ ഇടങ്ങളിലായി കാട്ടാന ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. നിലമ്പൂർ, മമ്പാട്, എടവണ്ണ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് കാട്ടാന ഇറങ്ങി പരിഭ്രാന്തി പരത്തിയത്. മണിക്കൂറുകള്‍ നീണ്ട പരി ശ്രമത്തിനൊടുവിലാണ് ആനകളെ വനത്തിലേക്ക് തിരിച്ചയച്ചത്.
മലപ്പുത്ത് വിവിധ ഇടങ്ങളിൽ കാട്ടാന ഇറങ്ങി ഞായറാഴ്ച പുലര്‍ച്ചെ എടവണ്ണ ചളിപ്പാടത്ത് ടാപ്പിങ് തൊഴിലാളിയാണ് ആദ്യം ആനയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. വൈകുന്നേരം എട്ട് മണിയോടെ പുതുവയില്‍ ഭാഗത്ത് ആനയെ കണ്ടതായുള്ള വിവരം പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടന്ന് എടവണ്ണ പൊലീസും വനപാലകരും രാത്രിയോടെ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. രാത്രി ഒമ്പത് മണിയോടെ കുണ്ട്‌തോട് , പൊങ്ങല്ലൂര്‍, തോട്ടിൻക്കര ഭാഗങ്ങളില്‍ ആനകളെ കണ്ടെത്തി. തുടർന്ന് പടക്കം പൊട്ടിച്ചും, തീ കത്തിച്ചും ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പൊങ്ങല്ലൂര്‍, തോണിക്കടവ് ഭാഗങ്ങളിലുള്ള വീടുകള്‍ക്ക് അരികിലൂടെ ആനകള്‍ രാത്രി പത്തരയോടെ ചാലിയാര്‍ ഭാഗത്തേക്ക് നീങ്ങി. പിന്നീട് ആനകള്‍ മമ്പാട് കോളജ് കുന്നു വഴി വനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രണ്ട് ആനകള്‍ പുള്ളിപ്പാടം കടവ് വഴി മമ്പാട് അങ്ങാടിയില്‍ ഓട്ടോ സ്റ്റാന്‍റിന് സമീപം എത്തിയിരുന്നു. മമ്പാട് പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. എന്നാല്‍ എടവണ്ണ പഞ്ചായത്തിയിലേക്ക് ആനശല്യം ഇതുവരെ ഉണ്ടായിരുന്നില്ല. ജനവാസ മേഖലകളില്‍ കാട്ടാനകള്‍ എത്തുന്നത് ജനങ്ങളെ ഭീതിയാലാക്കുന്നുണ്ട്.