മലപ്പുറം:കൽക്കുണ്ടിലെ ജനവാസ മേഖലയിലിറങ്ങിയ അജ്ഞാത ജീവി വളർത്തുനായയെ കടിച്ചു കൊന്നു. തറയിൽ അബൂബക്കറിൻ്റെ കൃഷിയിടത്തിലെ കാവൽ നായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. പ്രദേശത്ത് കടവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.
ജനവാസ മേഖലയിലിറങ്ങിയ അജ്ഞാത ജീവി വളർത്തുനായയെ കടിച്ചു കൊന്നു - കൽക്കുണ്ട് ആർത്തലക്കുന്ന്
കെട്ടിയിട്ടിരുന്ന നായയുടെ ശരീര ഭാഗങ്ങൾ പകുതിയിലേറെ അജ്ഞാത ജീവി ഭക്ഷിച്ചിട്ടുണ്ട്. കടുവയുടേയോ പുലിയുടേയോ ആക്രമണമല്ല ഉണ്ടായതെന്നും കുറുനരിയാകാനാണ് സാധ്യതയെന്നും വനപാലകർ പറഞ്ഞു
കൽക്കുണ്ട് ആർത്തലക്കുന്ന് കോളനിക്ക് സമീപം തറയിൽ അബൂബക്കറിൻ്റെ കൃഷിയിടത്തിന് കാവൽ നിൽക്കുന്ന മൂന്ന് നായകളിൽ ഒന്നിനെയാണ് അജ്ഞാത ജീവി കൊന്നത്. കെട്ടിയിട്ടിരുന്ന നായയുടെ ശരീര ഭാഗങ്ങൾ പകുതിയിലേറെ ജീവി ഭക്ഷിച്ചിട്ടുണ്ട്. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റെയ്ഞ്ചർ ശശികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടേയോ പുലിയുടേയോ ആക്രമണമല്ല ഉണ്ടായതെന്നും കുറുനരിയാകാനാണ് സാധ്യതയെന്നും വനപാലകർ പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ട് വർഷമായി സമീപ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്‌തിരുന്നു. റബർ ടാപ്പിംഗിനും മറ്റും അതിരാവിലെ ഇറങ്ങുന്ന തൊഴിലാളികൾ പലയിടത്തും കടുവയെ കണ്ടതായി പറഞ്ഞിട്ടുമുണ്ട്. അതിനാൽ തന്നെ തൊഴിലാളികളുടെയും കർഷകരുടെയും ജീവൻ സംരക്ഷിക്കാനാവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.