മലപ്പുറം:'ആരാരും മനസില്‍ നിന്ന് ഒരിക്കലും മറക്കാത്ത' എന്ന് തുടങ്ങുന്ന ടി.കെ കുട്ടിയാലിയുടെ ഈ വരികള്‍ മാപ്പിളപ്പാട്ടുകളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഈ വരികള്‍ എഴുതി കുറെയേറെ വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം ഇത് ഇത്രയും വൈറലാവുമെന്ന് കുട്ടിയാലി പോലും കരുതി കാണില്ല. അതെ ഈ മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു കൂട്ടം ഗായകര്‍.
അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് സോഷ്യന്‍ മീഡിയയില്‍ വൈറലായ ആ താരങ്ങള്‍. 1994ലെ എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികള്‍ ജൂലൈ 23ന് സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലാണ് എട്ട് പേരടങ്ങുന്ന സംഘം പാട്ട് പാടിയത്. എഴ് സ്‌ത്രീകള്‍ അടങ്ങുന്ന പാട്ട് സംഘത്തിനൊപ്പം കൂടി പാടാനെത്തിയ മുഹമ്മദലി താഴത്തങ്ങാടിയുടെ പ്രകടനമാണ് പാട്ടിനെ വൈറലാക്കിയത്. മുഹമ്മദലിക്കൊപ്പം സോഫില താഴത്തങ്ങാടി, ബിജിമോൾ മൂർഖൻ നിലമ്പൂർ, ഉമൈബ അരീക്കോട്, ശബീന കൊടുവള്ളി, ഫസീല കുനിയിൽ, ഷമീറ അരീക്കോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.