മലപ്പുറം:Variyankunnath Kunjahammed Haji: മലബാർ സമരനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തിന്റെ ചതിയിൽ പിടികൂടപ്പെട്ടിട്ട് നൂറു വർഷം പൂർത്തിയാവുന്നു. 1922 ജനുവരി അഞ്ചിനാണ് വെള്ളപ്പട 'ബാറ്ററി' സൈന്യം കല്ലാമൂല ചിങ്കക്കല്ല് പുഴയോരത്തെ വലിയപാറക്ക് സമീപത്തുനിന്ന് വാരിയൻകുന്നനെ പിടികൂടിയത്. ആറിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏറനാട്ടിലെ മാപ്പിളമാരെ സംഘടിപ്പിച്ചുള്ള കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങൾ അലോസരപ്പെടുത്തിയതോടെ ഹാജിയെയും സംഘത്തെയും പിടികൂടാൻ ബ്രിട്ടീഷ് സർക്കാർ സൈനികരെ വ്യാപകമായി മലബാറിൽ വിന്യസിച്ചു. സംയുക്ത സൈനിക ആക്രമണം ഫലം കാണാതെ വന്നപ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് തലവൻ മോറിസ് വില്യംസ് മലബാറിൽ താവളമടിച്ചു. മാർഷൽ ലോ കമാൻഡന്റ് കേണൽ ഹംഫ്രി മലബാറിലെത്തി പ്രത്യേക സേന രൂപീകരിച്ചാണ് ചെമ്പ്രശ്ശേരി തങ്ങളെയും സീതി തങ്ങളെയും പിന്നീട് വാരിയൻകുന്നനെയും അറസ്റ്റ് ചെയ്തത്.