കേരളം

kerala

ETV Bharat / state

ദുബായിൽ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണം: ഇ.ടി.മുഹമ്മദ് ബഷീര്‍ - വി മുരളീധരൻ വാർത്ത

താത്കാലിക യാത്ര വിലക്ക് എന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും ഇത് എത്ര ദിവസം നീളുമെന്ന കാര്യത്തില്‍ ധാരണയില്ലാത്തതിനാല്‍ യാത്രക്കാര്‍ ആശങ്കയിലാണ്

ET Muhammed Basheer news  V Muralidharan news  ET Muhammed Basheer on NRIs  ഇ.ടി.മുഹമ്മദ് ബഷീര്‍ വാർത്ത  വി മുരളീധരൻ വാർത്ത  പ്രവാസികളുടെ കാര്യത്തിൽ ഇ.ടി.മുഹമ്മദ് ബഷീര്‍
ദുബായിൽ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണം: ഇ.ടി.മുഹമ്മദ് ബഷീര്‍

By

Published : Feb 10, 2021, 10:48 PM IST

മലപ്പുറം:ദുബായിൽ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോട് ആവശ്യപ്പെട്ട് ഇ.ടി.മുഹമ്മദ് ബഷീര്‍. വി. മുരളീധരനെ നേരില്‍ കണ്ടാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് ആളുകളാണ് സൗദിയുടെ അപ്രതീക്ഷിതമായ യാത്രാവിലക്കില്‍ ദുബായില്‍ കുടുങ്ങി കഴിയുന്നത്. താത്കാലിക യാത്ര വിലക്ക് എന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും ഇത് എത്ര ദിവസം നീളുമെന്ന കാര്യത്തില്‍ ധാരണയില്ലാത്തതിനാല്‍ യാത്രക്കാര്‍ ആശങ്കയിലാണ്.

നാട്ടിലുള്ള ട്രാവല്‍ ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക പാക്കേജിലാണ് ആളുകള്‍ ദുബായ് വഴി സൗദിയിലേക്ക് പുറപ്പെട്ടത്. ഈ പാക്കേജില്‍ ദുബായിലേക്കുള്ള വിമാന ടിക്കറ്റ്, 14 ദിവസം ദുബായിലെ താമസം, ഭക്ഷണം, കൊവിഡ് ടെസ്റ്റ് , അതിന് ശേഷം ദുബായില്‍ നിന്ന് സൗദിയുടെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവയാണ് നല്‍കുന്നത് . ഇവരുടെ യാത്രക്ക് സൗകര്യം ഒരുക്കിയ ഏജന്‍സികള്‍ക്കാകട്ടെ ക്വാറന്‍റൈന്‍ കാലാവധി കഴിഞ്ഞാല്‍ അവരെ അവിടെ നിര്‍ത്തുവാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പലരുടേയും കൈവശം ചെലവിനുള്ള തുക പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും എം.പി, കേന്ദ്രമന്ത്രിയെ അറിയിച്ചു. കൊവിഡ് മൂലം നാട്ടില്‍ ഒരു വര്‍ഷത്തോളം നില്‍ക്കേണ്ടി വന്ന പലരും ഈ പാക്കേജ് തുക പോലും പലരില്‍ നിന്നും കടം വാങ്ങിയാണ് യാത്ര തിരിച്ചത്. മലയാളികള്‍ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ദുബായിലുണ്ട് .

ഇവരുടെ യു.എ.ഇ വിസ കാലാവധി ഒരു മാസവും അതില്‍ കുറവും മാത്രമാണുള്ളത്. സൗദിയുടെ നിയമങ്ങളില്‍ വന്നിട്ടുള്ള മാറ്റം കണക്കിലെടുത്ത് വിസ കാലാവധി കഴിയുന്ന ആളുകള്‍ക്ക് അത് നീട്ടികൊടുക്കാനും കഴിയുന്നതും വേഗം അവരെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ പറ്റുന്ന വിധത്തില്‍ സഹായം നല്‍കാനും നയതന്ത്ര തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് എം.പി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. യാതൊരു നിലയിലും പോകാന്‍ കഴിയാത്തവര്‍ക്ക് തിരിച്ച് നാട്ടിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രശ്‌നത്തെ സംബന്ധിച്ച് നയതന്ത്ര തലങ്ങളില്‍ ഇടപ്പെട്ട് പരിഹാരം കാണുമെന്ന് മന്ത്രി എം.പിയെ അറിയിച്ചു.

ABOUT THE AUTHOR

...view details