മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ കൊണ്ടോട്ടി താലൂക്കിനെ കണ്ടെയിന്‍മെന്‍റ് സോൺ ആക്കി പ്രഖ്യാപിച്ചത് പഞ്ചായത്ത് തലത്തിൽ രോഗവ്യാപനത്തെക്കുറിച്ച് പഠനം നടത്തുകയോ ,മുൻകരുതൽ നടപടികൾ സ്വീകരിക്കുകയോ ,ജനപ്രതിനിധികളോട് കൂടിയാലോചനകളോ നടത്താതെയാണെന്ന് ടിവി ഇബ്രാഹിം എംഎൽഎ കുറ്റപ്പെടുത്തി. എംപി, എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളോ, തദ്ദേശ സ്ഥാപന തലത്തിലെ ബന്ധപ്പെട്ട സമിതിയുമായോ യാതൊരു കൂടിയാലോചനകളും നടത്താതെ കൊവിഡിന്‍റെ മറവിൽ ഉദ്യോഗസ്ഥരാജ് നടപ്പിലാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എംഎൽഎ പറഞ്ഞു.
കൊണ്ടോട്ടി താലൂക്കിനെ കണ്ടെയിന്‍മെന്‍റ് സോൺ ആക്കിയതില്‍ കുറ്റപ്പെടുത്തി ടിവി ഇബ്രാഹിം എംഎൽഎ
രോഗവ്യാപനത്തെക്കുറിച്ച് പഠനം നടത്തുകയോ ,മുൻകരുതൽ നടപടികൾ സ്വീകരിക്കുകയോ ,ജനപ്രതിനിധികളോട് കൂടിയാലോചനകളോ നടത്താതെയാണ് നടപടിയെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
സംസ്ഥാന തലത്തിൽ സർവ്വകക്ഷി യോഗവും, ഇടതുപക്ഷ മുന്നണി ഏകോപന സമിതിയും ചേർന്ന് സംസ്ഥാനത്ത് മുഴുവൻ ലോക്ക് ഡൗൺ വേണ്ടെന്ന് നിർദേശിക്കുകയായിരുന്നു. ഇതാണ് സർക്കാർ അംഗീകരിച്ചത്. എന്നാൽ കൊണ്ടോട്ടിയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള യാതൊരു കൂടിയാലോചനയും ഉണ്ടായിട്ടില്ല. സർക്കാറും ,ആരോഗ്യ വകുപ്പും ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെയാണ് ഈ അടച്ചിടൽ നടത്തിയതെന്നും എംഎല്‍എ പറഞ്ഞു.
ജൂലൈ 23 ന് പരിശോധനക്ക് സ്രവം നൽകിയ 70 പേരുടെ റിസൽട്ട് ഓഗസ്റ്റ് രണ്ടിനാണ് വന്നത്. ഇതിൽ 35 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത് ആളുകളെ ഏറെ അസ്വസ്ഥതപെടുത്തുന്നു. ആരോഗ്യ വകുപ്പിന്‍റെ കൃത്യമായ വീഴ്ച്ചയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. താലൂക്ക് മുഴുവൻ അടച്ചിട്ടത് ആരോഗ്യ വകുപ്പിന്‍റെ വീഴ്ച്ച മറച്ച് വെക്കാൻ മാത്രമാണ്. ജനങ്ങളുടെ ജീവനും ജീവിതവും വെച്ച് നടത്തുന്ന ഈ അനീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സർക്കാറും ആരോഗ്യ വകുപ്പും വിഷയം ഗൗരവമായി കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ടിവി ഇബ്രാഹിം പറഞ്ഞു.