മലപ്പുറം: തിരൂരിൽ അപകടാവസ്ഥയിലായ പഴയ പാലം ഏത് സമയവും വീഴാവുന്ന നിലയിലാണ്. എന്നിട്ടും നോക്കുകുത്തിയായി തുടരുകയാണ് പുതിയ പാലം. പണി പൂർത്തിയായ പുതിയ പാലം തുറക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. തിരൂർ പുഴക്ക് കുറകെ മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ഒരുവശത്ത് അപ്രോച്ച് റോഡ് ഒരുക്കിയിട്ടില്ല. താഴേപാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണത്തിനായി മൂന്നര കോടി രൂപയാണ് അനുവദിച്ചിരുന്നത്. താനൂരിലേക്കുള്ള റോഡിന് സ്ഥലം ഏറ്റെടുത്ത് നടപടി പൂർത്തിയാക്കാൻ മന്ത്രി ജി സുധാകരൻ നാല് മാസം മുമ്പ് പൊതുമരാമത്ത് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ റോഡിനുള്ള ആറ് സെന്‍റ് ഭൂമി ഏറ്റെടുത്ത് നൽകാൻ റവന്യൂ വിഭാഗം തയ്യാറായില്ല.
തിരൂരിൽ പഴയ പാലം അപകടാവസ്ഥയിൽ; നോക്കുകുത്തിയായി പുതിയ പാലം - മലപ്പുറം
പഴയ പാലം ഏതുസമയവും വീഴാവുന്ന അവസ്ഥയിലായിട്ടും പണി പൂർത്തിയായ പുതിയ പാലം സഞ്ചാരയോഗ്യമാക്കാതെ അധികൃതര്‍ അനാസ്ഥ തുടരുകയാണ്.
പഴയ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പഴയ പാലത്തിന്‍റെ കമ്പികൾ തുരുമ്പെടുത്ത് പൊട്ടി, കോൺക്രീറ്റ് അടർന്നുവീണ് അടിഭാഗം ദ്രവിച്ച അവസ്ഥയിലാണ്. പുഴയുടെ ഇരുഭാഗങ്ങളിലായുള്ള പാലത്തിന്‍റെ കൈവരികൾ തകർന്നിട്ടുമുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം ഇളകുന്നതിനാൽ ഭയത്തോടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ചമ്രവട്ടം പാത വീതികൂട്ടിയതിനാല്‍ ഇതുവഴിയുള്ള വാഹനത്തിരക്ക് ഏറിയതും പാലത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. വാഹനത്തിരക്കേറെയുള്ള പ്രധാന റോഡിലെ ഈ പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് കോടികൾ ചെലവിട്ട് പുതിയ പാലം നിര്‍മ്മിച്ചത്. എന്നാൽ ഇത് പ്രവർത്തനക്ഷമമാക്കാനുള്ള നടപടിയെടുക്കാതെ അധികൃതർ അനാസ്ഥ തുടരുകയാണ്.