മലപ്പുറം:പാലടപ്പായസം നുണഞ്ഞ്, കാരുണ്യക്കൂട്ടായ്‌മയില്‍ കൈകോര്‍ക്കുകയാണ് ഒരു നാട്. തിരൂർ ഏഴൂർ പി.സി പടിയിൽ, തിങ്കളാഴ്ച രാത്രി 240 അടുപ്പുകളിൽ ഒരുമിച്ചു തീ തെളിഞ്ഞപ്പോൾ 54 വൃക്ക രോഗികൾക്കാണ് ജീവിതത്തിലേക്കുള്ള വഴിതെളിച്ചത്. തിരൂർ അഭയം ഡയാലിസിസ് സെന്‍ററിലെത്തുന്ന വൃക്കരോഗികളുടെ ജീവൻ രക്ഷിക്കാനുള്ള പണം കണ്ടെത്താനാണ് സംഘാടകര്‍ പായസ ചലഞ്ച് സംഘടിപ്പിച്ചത്.
ഇത് സൗജന്യമല്ല, മനുഷ്യ സ്‌നേഹമാണ്
ലിറ്ററിന് 250 രൂപ നിരക്കിൽ വിതരണം ചെയ്‌ത് 80 ലക്ഷം രൂപ സമാഹരിക്കാനാണ് സ്നേഹതീരം വളണ്ടിയർ വിങിന്‍റെ നേതൃത്വത്തിലുള്ള ജനകീയക്കൂട്ടായ്‌മയുടെ ലക്ഷ്യം. 40,000 ലിറ്റർ പായസമാണിവിടെ തയ്യാറാക്കിയത്. നാലുലക്ഷം പേരുടെ കൈകളിലെത്തിക്കാനുള്ള പ്രയത്നത്തിലാണ് സംഘാടകര്‍.
വൃക്ക രോഗികളെ സഹായിക്കാൻ പാലടപ്പായസ ചലഞ്ചുമായി തിരൂരിലെ ജനകീയ കൂട്ടായ്‌മ. തിരൂര്‍, താനൂര്‍ നഗരസഭകളിലും സമീപത്തെ ഇരുപത് പഞ്ചായത്തുകളിലുമായാണ് പായസം വിതരണം ചെയ്യുന്നത്. കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷനാണ് മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി പാചക്കാരെ സൗജന്യമായി എത്തിച്ചത്. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ സൗജന്യമായി 240 ചെമ്പും ചരക്കും പാത്രങ്ങളും എത്തിച്ചുനല്‍കി.
ALSO READ:അഞ്ചുവര്‍ഷത്തിനിടെ കടലില്‍ പൊലിഞ്ഞത് 327 മനുഷ്യ ജീവനുകൾ
2013-ലാണ് അഭയം ഡയാലിസിസ് സെന്‍റര്‍ പ്രവർത്തനം തുടങ്ങിയത്. സൗജന്യമായി ഡയാലിസിസ് ചെയ്‌തുകൊടുക്കാൻ മാസം ആറുലക്ഷം ചെലവു വരും. കൊവിഡ് കാലത്ത് വരുമാനം നിലച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടലിന്‍റെ വക്കിലായതോടെയാണ് ചലഞ്ച് നടത്താന്‍ തീരുമാനമായത്.
പുത്തുതോട്ടിൽ കോയ, വി.പി കുഞ്ഞാലൻ കുട്ടി, കൈനിക്കര ആഷിക്ക് എന്നിവര്‍ ചലഞ്ചിന് നേതൃത്വം നല്‍കി. പഞ്ചായത്തുകളിലും വാർഡുകളിലും നിയോഗിച്ച കോർഡിനേറ്റർമാർ മുഖേനെയാണ് പായസം വിതരണം ആരംഭിച്ചത്.