മലപ്പുറം: മകന് വേണ്ടി ഒറിജിനലിനെ വെല്ലുന്ന ജീപ്പ് നിർമിച്ചിരിക്കുകയാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ തചാംപറമ്പ് സ്വദേശി സക്കീർ. മകൻ കളി ജീപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിതാവ് മകനായി ജീപ്പ് നിർമിച്ച് നൽകിയത്.
ആറ് വർഷങ്ങൾക്ക് മുമ്പാണ് പ്രവാസിയായ സക്കീർ മകനായി ജീപ്പ് നിർമിച്ചതെങ്കിലും വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് അടുത്തിടെയാണ്. ഖത്തറിൽ ജോലി ചെയ്യുന്ന സക്കീർ നാട്ടിൽ എത്തിയപ്പോഴായിരുന്നു മകന് വേണ്ടി ജീപ്പ് നിർമാണം ആരംഭിച്ചത്.
കളിപ്പാട്ടം ചോദിച്ച മകന് പിതാവ് നിര്‍മിച്ചു, ഒറിജിനലിനെ വെല്ലുന്ന ജീപ്പ് ഖത്തറിൽ ജോലി ചെയ്യുന്ന വീടുകളിൽ പോകുമ്പോൾ ഇത്തരത്തിലുള്ള കളിക്കോപ്പ് വാഹനങ്ങൾ കാണാറുണ്ടെന്നും അതിൽ നിന്നാണ് ഇത്തരമൊരു വാഹനം നിർമിക്കാൻ തനിക്ക് പ്രചോദനം ലഭിച്ചതെന്നും സക്കീർ പറഞ്ഞു. പിന്നീട് നാട്ടിലെത്തിയപ്പോൾ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ജീപ്പ് നിർമിക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുകയായിരുന്നു. ഒരു വർഷം കൊണ്ടാണ് ജീപ്പ് നിർമാണം പൂർത്തിയാക്കിയത്. തിരക്കുകൾ മൂലമാണ് ഒരു വർഷം സമയം എടുത്തതെന്നും അല്ലെങ്കിൽ മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്നും സക്കീർ പറഞ്ഞു.
പഴയ ബജാജ് ബൈക്കിന്‍റെ എൻജിൻ ഉപയോഗിച്ചാണ് ജീപ്പിന്‍റെ എൻജിൻ സജ്ജമാക്കിയത്. ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ 35 കിലോമീറ്റർ ദൂരം മൈലേജാണ് ഈ ജീപ്പിന് ലഭിക്കുന്നത്. അത് നിരപ്പായ ഹൈവേ റോഡുകളിൽ ഓടിച്ചാൽ 40ന് മുകളിൽ മൈലേജ് ലഭിക്കുമെന്നും സക്കീർ പറയുന്നു. 1,70,000 രൂപ ചെലവിലാണ് ജീപ്പ് നിർമാണം പൂർത്തിയാക്കിയത്. വീടു പണി നടക്കുന്നതിനെ തുടർന്ന് കോട്ടക്കൽ സ്വദേശിയായ ഒരാൾക്ക് രണ്ട് ലക്ഷം രൂപയ്ക്ക് ജീപ്പ് വിറ്റു എന്നും സക്കീർ പറഞ്ഞു.
ജീപ്പ് നിർമിച്ച് നൽകണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളാണ് സക്കീറിനെ ബന്ധപ്പെടുന്നത്. ഇലക്‌ട്രോണിക് രീതിയിലുള്ളതും വെള്ളം പോലും വേണ്ടാത്ത വാഹനങ്ങളുടെയും പണിത്തിരക്കിലാണ് സക്കീർ. ജലക്ഷാമം നേരിടുന്ന പ്രദേശമായതിനാൽ വീടുകളിലേക്ക് വെള്ളമെത്തിച്ച് നൽകാനും ഈ അച്ഛനും മകനും ശ്രമിക്കുന്നുണ്ട്.