മലപ്പുറം:ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രകടനങ്ങളിലും മറ്റ് വിജയാഘോഷ പരിപാടികളിലും മിതത്വം പാലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. റമദാന്റെ പവിത്രത ഉയര്‍ത്തിപിടിക്കുന്നതായിരിക്കണം പ്രവര്‍ത്തകരുടെ ഓരോ പ്രതികരണവുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളെ രാഷ്ട്രീയ കാഴ്ച്ചപ്പാടോടെ സമീപിക്കാനും പ്രതിപക്ഷ ബഹുമാനം പുലര്‍ത്താനും ജാഗ്രത വേണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യകതമാക്കി. ഫലപ്രഖ്യാപനം സംബന്ധിച്ച മുദ്രാവാക്ക്യങ്ങളിലോ സംസാരങ്ങളിലോ വ്യക്തിപരമായ അധിക്ഷേപങ്ങളോ സഭ്യേതരമായ പദപ്രയോഗങ്ങളോ നാടിന്റെ സമാധാനത്തിനും മൈത്രിക്കും ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളോ ഉണ്ടാവാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തണം. മറുപക്ഷത്തുനിന്ന് പ്രകോപനപരമായ സമീപനങ്ങളുണ്ടായാല്‍ പോലും സഹിഷ്ണുതയോടെയും സമചിത്തതയോടെയും മാത്രമേ പ്രതികരിക്കാവൂ.