മലപ്പുറം: കേരളത്തിന്‍റെ തീരപ്രദേശത്തെ പ്രധാന മത്സ്യബന്ധന മേഖലകളിലൊന്നായ താനൂരിനും തിരൂരിനും പരപ്പനങ്ങാടിക്കും ഇന്നലെ ദുരന്ത രാത്രിയായിരുന്നു. അവധി ദിവസത്തില്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് എത്തിയ നിരവധി കുടുംബങ്ങളാണ് താനൂർ തൂവല്‍ തീരത്തെ ബോട്ട് അപകടത്തില്‍ അനാഥരായത്. പുഴയും കടലും ചേരുന്ന സ്ഥലത്ത് ബോട്ട് തല കീഴായി മറിഞ്ഞ് 22 പേരുടെ മരണം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ പൂരപ്പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്.
മരിച്ചവരില്‍ 15 കുട്ടികളുണ്ടെന്നാണ് പ്രാഥമിക വിവരം. പത്ത് പേർ ചികിത്സയിലുണ്ട്. തിരൂർ ജില്ല ആശുപത്രി, താനൂർ ദയ ആശുപത്രി, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, കോട്ടയ്ക്കല്‍ മിംസ് ആശുപത്രി എന്നിവടങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്.
ഹസ്‌ന (18), സഫ്‌ന (17), ഫാത്തിമ മിന്‍ഹ (12), അഫ്‌ലാഹ് (ഏഴ്), അൻഷിദ് (12), ഫൈസാൻ (മൂന്ന്), ഷംന (17), ഹാദി ഫാത്തിമ, ഷഹറ, നൈറ, സഫ്‌ല ഷെറിൻ, റുഷ്‌ദ, ആദില ഷെറി, അർഷാൻ എന്നിവരാണ് മരിച്ച കുട്ടികൾ. അഞ്ച് വയസില്‍ താഴെയുള്ള നാല് കുട്ടികൾ ചികിത്സയിലാണ്.
രക്ഷാപ്രവർത്തനം വൈകി: ഏഴ് മണിയോടെ അപകടം നടന്നെങ്കിലും രക്ഷാപ്രവർത്തനം തുടങ്ങാനായത് എട്ട് മണിയോടെയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. ബോട്ട് മറിഞ്ഞ വിവരം നാട്ടുകാർ അറിഞ്ഞത് അപകടത്തില്‍ പെട്ടവരുടെ നിലവിളി കേട്ടാണ്.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീട് ഫയർഫോഴ്‌സും എൻഡിആർഎഫും സംഭവ സ്ഥലത്ത് എത്തിയെങ്കിലും വെളിച്ചക്കുറവ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ബോട്ട് കരയ്‌ക്ക് എത്തിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മത്സ്യത്തൊഴിലാളികളുടെ ചെറു ബോട്ടുകളിലാണ് അപകടത്തില്‍ പെട്ടവരെ ആദ്യം കരയിലെത്തിച്ചത്. അവിടെ നിന്ന് ആംബുലൻസില്‍ വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു.