മലപ്പുറം: താനൂർ തൂവല്‍ തീരത്തെ ബോട്ടപകടത്തില്‍ രക്ഷാപ്രവർത്തനം തുടരുന്നു. 22 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. പത്ത് പേർ ചികിത്സയിലുണ്ട്. എൻഡിആർഎഫും ഫയർഫോഴ്‌സിന്‍റെ സ്‌കൂബ ടീമും അപകടം നടന്ന സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. അടിയൊഴുക്ക് തെരച്ചിലിന് തടസമാണെന്ന് ഫയർഫോഴ്‌സ് സംഘം പറഞ്ഞു. രൂപമാറ്റം നടത്തി സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ബോട്ടിന് ലൈസൻസില്ലെന്നും കയറാവുന്നതിൽ അധികം ആളുകളെ കയറ്റിയതും അപകട കാരണമായി പൊലീസ് പറഞ്ഞു. അമിത ഭാരത്താല്‍ ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആറ് മണിയോടെ സർവീസ് നിർത്തേണ്ട ബോട്ടാണ് ഏഴ് മണിക്ക് അപകടത്തില്‍പെട്ടതെന്നും ബോട്ടിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. ബോട്ട് ചെളിയില്‍ മുങ്ങിയതും വെളിച്ചക്കുറവും മരണ സംഖ്യ കൂടാനിടയാക്കി.
കെടിഡിസിയുടെ അനുമതിയോടെ രണ്ട് തട്ടുകളുള്ള ബോട്ടാണ് സർവീസ് നടത്തിയത്. പുഴയും കടലും ചേരുന്ന ഭാഗത്ത് ടൂറിസം സാധ്യത ലക്ഷ്യമിട്ടാണ് സ്വകാര്യ വ്യക്തിക്ക് ബോട്ട് സർവീസ് നടത്താൻ അനുമതി നല്‍കിയതെന്നാണ് അധികൃതർ പറയുന്നത്.