ന്യൂഡൽഹി :വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇത് സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേ ആണെന്നും സുപ്രീംകോടതി അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
മലപ്പുറം തിരൂർ സ്വദേശിയായ പിടി ഷീജിഷാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കേരളത്തിലെ തിരൂർ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ ആവശ്യം. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ജസ്‌റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് പി ടി ഷീജിഷ് സമർപ്പിച്ച ഹർജി തള്ളിയത്.
ജനസാന്ദ്രത ഏറെയുള്ള മലപ്പുറം ജില്ലയിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പ് അനുവദിക്കാത്തത് നീതികേടാണെന്നും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ ഹർജിയിൽ വാദം കേട്ട കോടതി ആവശ്യം നീതീകരിക്കാനാകാത്തതാണ് എന്നും ഓരോ ജില്ലയിലുള്ളവരും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചാൽ വന്ദേ ഭാരത് പോലെയുള്ള അതിവേഗ ട്രെയിനുകളുടെ ഉദ്ദേശ ലക്ഷ്യം ഇല്ലാതെയാകും എന്നും നിരീക്ഷിച്ചു. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്‌റ്റോപ്പ് അനുവദിക്കണമെന്നുള്ളത് റെയിൽവെയുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.