മലപ്പുറം: അംഗപരിമിതർക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത വീൽചെയർ നിർമിച്ച് ശ്രദ്ധ നേടുകയാണ് മഞ്ചേരി ബോയ്‌സ് ഹയർ സെക്കന്‍ററി സ്‌കൂൾ വിദ്യാർഥികളായ മുഹമ്മദ് ഫൈസലും മുഹമ്മദ് സിയാദും. സ്‌കൂളിലെ അംഗപരിമിതനായ സഹപാഠിക്ക് സഹായമൊരുക്കാനാണ് ഒരു വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ചലിപ്പിക്കാവുന്ന വീൽ ചെയർ ഇവർ വികസിപ്പിച്ചെടുത്തത്.
മൊബൈല്‍ ആപ്പിലൂടെ ചലിപ്പിക്കാവുന്ന വീല്‍ ചെയറുമായി വിദ്യാർഥികള്‍
മഞ്ചേരി ബോയ്‌സ് ഹയർ സെക്കന്‍ററി സ്‌കൂൾ വിദ്യാർഥികളായ മുഹമ്മദ് ഫൈസലും മുഹമ്മദ് സിയാദും ചേർന്നാണ് ഒരു വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ചലിപ്പിക്കാവുന്ന വീൽ ചെയർ വികസിപ്പിച്ചെടുത്തത്.
ഏത് ദിശയിലേക്കും നിഷ്‌പ്രയാസം തിരിക്കാനും, തടസം വന്നാൽ നിർത്താനും, കൂടാതെ ജിപിഎസ് വഴി രോഗികളെവിടെയാണെങ്കിലും കണ്ടെത്താനും വീൽ ചെയറിൽ സംവിധാനങ്ങളുണ്ട്.വീല്‍ ചെയർ മറിഞ്ഞാൽ സൈറൺ മുഴങ്ങും. മാത്രമല്ല സ്വയം ചാർജ് ചെയ്യാനും സാധിക്കും. ഈ വർഷത്തെ സംസ്ഥാനതല ഹയർ സെക്കന്‍ററി വർക്കിങ് മോഡലിൽ ഈ വീൽചെയറിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
'ചെയർ അസിസ്റ്റ്' എന്നാണ് വീൽചെയറിന് ഇവർ പേര് നൽകിയിട്ടുള്ളത്. ഇതൊരു വലിയ നേട്ടമാണെന്ന് സ്‌കൂൾ പ്രിൻസിപ്പല്‍ രജനി മാത്യു പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ 25,000 രൂപക്ക് വീൽചെയർ നിർമിക്കാമെന്നാണ് വിദ്യാർഥികൾ പറയുന്നത്.