മലപ്പുറം:പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ ബിജെപിയും കേന്ദ്രസർക്കാരും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രമേയം പാസാക്കിയ സർക്കാരാണ് കേരളത്തിലുള്ളത്. എല്ലാവരെയും കൂട്ടുപിടിച്ച് ആ സർക്കാരിനെ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഗഫൂർ പി ലില്ലീസിന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ബിജെപിയെ കടന്നാക്രമിച്ച് സീതാറാം യെച്ചൂരി
കാടൻ നിയമങ്ങളെ ചെറുക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ലെന്നും യെച്ചൂരു
ഓരോ സംസ്ഥാനത്തിന്‍റെയും രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായാണ് ബിജെപി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് നിലപാടെടുക്കുന്നത്. കേരളത്തിലെത്തിയ അമിത്‌ഷാ നിയമം നടപ്പാക്കുമെന്ന് പറഞ്ഞു. ബംഗാളിലും നടപ്പാക്കുമെന്നാണ് പ്രസംഗിക്കുന്നത്. അതേസമയം, അസമിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. വോട്ടിലാണ് ബിജെപിയുടെ കണ്ണെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമാണ് ബിജെപിയുടെ ലക്ഷ്യം. ലൗ ജിഹാദിന്‍റെ പേരിൽ പുതിയ നിയമമുണ്ടാക്കുന്നു. ഗോരക്ഷയുടെ പേരിലും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. ഇത്തരം കാടൻ നിയമങ്ങളെ ചെറുക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ലെന്നും യെച്ചൂരു വ്യക്തമാക്കി.