കേരളം

kerala

ETV Bharat / state

നാട്ടുവൈദ്യന്‍ ഷാബ ഷരീഫിന്‍റെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു, മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവില്‍

നാട്ടുവൈദ്യനായ ഷാബ ഷരീഫിനെ മൈസൂരില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന് തടങ്കലിലാക്കുകയായിരുന്നു. ഷൈബിന്‍ അഷറഫിന്‍റെ മുക്കട്ടയിലെ വീട്ടിലായിരുന്നു ഇയാളെ തടങ്കലില്‍ വച്ചത്. ഒന്നേകാല്‍ വര്‍ഷത്തോളം നീണ്ട പീഡനത്തിനൊടുവില്‍ ഷാബ ഷരീഫിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ എറിഞ്ഞു എന്നാണ് കേസ്

Shaba Sharif murder charge sheet  murder of Shaba Sharif  നാട്ടുവൈദ്യന്‍ ഷാബ ഷരീഫിന്‍റെ കൊലപാതകം  ഷാബ ഷരീഫിന്‍റെ കൊലപാതകത്തില്‍ കുറ്റപത്രം ഉടന്‍  ഷൈബിന്‍ അഷറഫ്  ഷാബ ഷരീഫ് കൊലപാതകത്തില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍  ഡിഎന്‍എ  ചാലിയാര്‍ പുഴ
നാട്ടുവൈദ്യന്‍ ഷാബ ഷരീഫിന്‍റെ കൊലപാതകം ; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

By

Published : Aug 5, 2022, 8:17 PM IST

Updated : Aug 5, 2022, 9:51 PM IST

മലപ്പുറം: മൈസൂര്‍ സ്വദേശി പാരമ്പര്യ വൈദ്യന്‍ ഷാബ ഷരീഫ് കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 3177 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സഹചര്യം ഒഴിവാകും.

കൊലപാതക കേസില്‍ പ്രതി പട്ടികയിലുള്ള പന്ത്രണ്ട് പേരില്‍ മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ട്. കൊലപാതകം തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് കുറ്റപത്രത്തില്‍ പൊലീസ് നിരത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ഫോറന്‍സിക് ലാബില്‍ നിന്ന് ലഭ്യമായ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കേസില്‍ 107 സാക്ഷികളാണുള്ളത്. കുറ്റപത്രം സമര്‍പ്പിച്ച സഹചര്യത്തില്‍ പബ്ലിക് പ്രെോസിക്യൂട്ടറെ ലഭ്യമാക്കാനും അന്വഷണ സംഘം ശ്രമം തുടങ്ങി. മൂന്ന് വര്‍ഷത്തോളം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാനും മുഖ്യപ്രതിയടക്കമുള്ളവരെ പിടികൂടാനും എണ്‍പത്തി എട്ടാം ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായതും അന്വേഷണ സംഘത്തിന്റെ മികവാണ്.

ഇതുവരെ ലഭിച്ച തെളിവുകള്‍: ഷൈബിന്‍റെ വീട്ടില്‍ നിന്നും, എടവണ്ണ സീതീഹാജി പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്ത ഫോറന്‍സിക് തെളിവുകളും നിര്‍ണായകമാവുമെന്നാണ് കണക്കുകൂട്ടല്‍. മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ്, നവീകരിച്ച ശുചിമുറിയില്‍ നിന്ന് നീക്കം ചെയ്‌ത ടൈല്‍, മണ്ണ്, സിമന്‍റ് എന്നിവയില്‍ നിന്ന് ലഭിച്ച രക്തക്കറ, ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തള്ളിയ ചാലിയാര്‍ പുഴയില്‍ തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്‍റെ ഹോണ്ട സിറ്റി കാറില്‍ നിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് അന്വേഷണ സംഘത്തിന് ഇതുവരെയായി കണ്ടെത്താനായ നിര്‍ണായക തെളിവുകള്‍.

പെന്‍ഡ്രൈവില്‍ നിന്ന് ഡിലീറ്റാക്കിയ ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തിട്ടുണ്ട്. തട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ച വാനും ഷാബ ഷരീഫിന്‍റെ ഓഡി ക്യു 7കാറും തൊണ്ടുമുതലായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേസ് ഇങ്ങനെ: മൂലക്കുരുവിന് ഒറ്റമൂലിക ചികിത്സ നടത്തുന്ന ഷാബ ഷരീഫ് എന്ന പാരമ്പര്യ വൈദ്യനെ 2019 ഓഗസ്റ്റ് ഒന്നിനാണ് മൈസൂരുവില്‍ നിന്ന് തട്ടികൊണ്ടു വന്നത്. തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷം മുക്കട്ടയിലെ ഷൈബിന്‍ അഷറഫിന്‍റെ വീട്ടില്‍ ചങ്ങലക്കിട്ട് തടവില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തി വെട്ടി നുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് കേസ്.

പിടിയിലായ പ്രതികള്‍:കൊലപാതകത്തില്‍ പങ്കെടുത്തവരും തട്ടികൊണ്ടുവരാന്‍ സഹായിച്ചവരും പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം ചെയ്‌തവരുവരുമടക്കം പന്ത്രണ്ട് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. മുഖ്യ പ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്‌റഫ് (37), ഷൈബിന്‍റെ മാനേജറായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ് (32), വയനാട് കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് (41), വൈദ്യനെ മൈസൂരുവില്‍ നിന്ന് തട്ടി കൊണ്ടു വന്ന സംഘത്തിലെ ചന്തക്കുന്ന് അജ്‌മല്‍ (30), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്‌ദുള്‍ വാഹിദ് (26), ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായം നല്‍കിയ നിലമ്പൂര്‍ ചന്തക്കുന്ന് വൃന്ദാവനം കൈപ്പഞ്ചേരി സുനില്‍ (40), വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ വണ്ടൂര്‍ കാപ്പില്‍ മിഥുന്‍ ( 28), പ്രതികള്‍ക്ക് പണവും സിം കാര്‍ഡും മൊബൈല്‍ ഫോണും സംഘടിപ്പിച്ചു കൊടുത്ത വണ്ടൂര്‍ കൂളിക്കാട്ടുപടി പാലപറമ്പില്‍ കൃഷ്‌ണ പ്രസാദ് (26 ), തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്‍റെ ഭാര്യ ഫസ്‌ന (28) എന്നിവരെയാണ് പല ഘട്ടങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും തട്ടികൊണ്ടുവരാന്‍ പോയവരും ഇപ്പോഴും റിമാന്‍ഡിലാണ്.

കേസില്‍ ഒളിവിലുള്ളവര്‍: മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീം (32), ഷൈബിന്‍റെ സഹായിരുന്ന റിട്ട. എസ് ഐ സുന്ദരന്‍ സുകുമാരന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി രണ്ട് മാസം മുമ്പ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കുകയും കൂടെയുണ്ടായിരുന്ന മൂന്ന് പ്രതികളെ പിടികൂടിയും ചെയ്‌തെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. ഒളിവില്‍ പോയ ശേഷം പ്രതികള്‍ ഡിണ്ടിഗല്‍ വച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു.

ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പണം പിന്‍വലിച്ച എടിഎമ്മുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികള്‍ താമസിച്ചെന്ന് കരുതുന്ന കോയമ്പത്തൂരിലെ ലോഡ്‌ജുകളിലും പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്.

Also Read ഒറ്റമൂലി രഹസ്യം കണ്ടെത്താനായി കൊടിയ പീഡനം: ഒടുവില്‍ അരും കൊല

Last Updated : Aug 5, 2022, 9:51 PM IST

ABOUT THE AUTHOR

...view details