സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം - കാലിക്കറ്റ് സര്‍വകലാശാല
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി 14 മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെയും ജീവനക്കാരുടെയും തീരുമാനം
മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള മാനേജ്മെന്‍റ് നീക്കത്തിനെതിരെ സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്‍റ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധം. സമരത്തിന്‍റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി 14 മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെയും ജീവനക്കാരുടെയും തീരുമാനം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളജില്‍ നടന്ന പ്രതിഷേധ പരിപാടി അസോസിയേഷന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ സ്ഥിരമായി ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ സ്ഥിരം നിയമനം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ സര്‍വകലാശാലയില്‍ നടന്നിട്ടുണ്ട്.